കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിൽ എറണാകുളം റൂറൽ സൈബർ പോലീസാണ് ഷാജഹാനെ ചോദ്യംചെയ്യുന്നത്. ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പോലീസ് സംരക്ഷണത്തിലാണ് ഷാജഹാൻ എത്തിയത്.
പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് ഷൈനിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് ഷാജഹാൻ പറയുന്നത്.
അതേസമയം, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസിനോട് സെഷൻസ് കോടതി റിപ്പോർട്ട് തേടി. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല.
കോസിലെ മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനും ഹാജരാകാൻ നിർദേശം നല്‍കിയിരുന്നു. പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ ഇതിന് കൃത്യമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
അതേസമയം, അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Tags : KJ Shine KM Shajahan Cyber Attack Case