കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെ ചലച്ചിത്ര താരങ്ങളുടെ വീട്ടില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്.
മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ എളംകുളത്തേയും ചെന്നൈയിലേയും വീടുകളിലും, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലുമാണ് നിലവില്‍ ഇഡി റെയ്ഡ് തുടരുകയാണ്.
കോയമ്പത്തൂര്‍ ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ ഫെമ നിയമ ലംഘനം കണ്ടെത്തിയതായാണ് ലഭ്യമാകുന്ന വിവരം.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്ന എളംകുളത്തെ വീട്ടിലുമാണ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി ഹൗസ് ഇപ്പോള്‍ ലീസിന് നല്‍കിയിരിക്കുകയാണ്.
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് ദുല്‍ഖര്‍ സല്‍മാന്റെ മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിടുകയും ഉണ്ടായി.
വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി നല്കുന്ന വിവരം.
Tags : Bhutan Vehicles ED Dulquer Salmaan