കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ്(ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെ(43)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരു ഇന്ദിര നഗറിലെ ഹോട്ടലിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ബുനനാഴ്ച പിടികൂടിയ പ്രതിയെ ഇന്നലെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയാണ് പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024ൽ ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് ജോലി ലഭിക്കാതെ വന്നതോടെ ഇദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നൂറിലധികം പരാതികളാണുള്ളത്.
പലരില്‍ നിന്നായി ഏകദേശം നാലു കോടി രൂപയോളം തട്ടിയതായാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്നും പരാതികള്‍ ലഭിക്കുന്നതിനാല്‍ 500 ഓളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സംഘം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.