പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ റെയിൽവേ മേൽപാലവും യാഥാർഥ്യമാകുന്നു. റെയിൽവേ മേൽപാലത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വല്ലപ്പുഴ പഞ്ചാരത്ത്പ്പടി കെഎസ്എം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാർ കിബ്ഫി പദ്ധതിയിലുൾപ്പെടുത്തി 27.09 കോടി രൂപ വിനിയോഗിച്ചാണ് വല്ലപ്പുഴ മേൽപ്പാലം നിർമിക്കുന്നത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മേൽപാലം നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 23.28 കോടി രൂപ ചെലവിൽ 17 സെന്റ് ഭൂമിയാണ് സ്വകാര്യവ്യക്തികളിൽനിന്നും ഏറ്റെടുത്തത്. മേൽപാലം യഥാർഥ്യമാകുന്നതോടെ പട്ടാന്പി-ചെർപ്പുളശേരി റോഡിൽ ഉണ്ടാകുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.
രണ്ട്വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 416.59 മീറ്റർ നീളത്തിലാണ് റോഡ് നിർമാണം. കൂടാതെ നടപ്പാത ഉൾപ്പെടെ 10.20 മീറ്റർ വീതിയിലാണ് മേൽപ്പാലം വിഭാവനം ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന് പുറമെ ഇരുവശത്തും ഓടയോട് കൂടിയ സർവീസ് റോഡും വിഭാവനം ചെയ്തിട്ടുണ്ട്.
പട്ടാന്പി മുതൽ വല്ലപ്പുഴ വരെ വരുന്ന റോഡിന്റെ ബിസി ഓവർലെൻ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ ശബരിമല പാക്കേജിൽ 2024-25 സാന്പത്തിക വർഷത്തിൽ അനുവദിച്ച ആറു കോടി രൂപ വിനിയോഗിച്ചാണ് ബിസി ഓവർലെൻ നവീകരണം നടത്തുന്നത്.
8.4കി മീ ദൂരം 7.5 മീറ്റർ വീതിയിലാണ് ബിസി ഓവർലേ പ്രവൃത്തി ചെയ്ത് നവീകരിക്കുന്നത്. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവർത്തികളും കൾവർട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.