വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട് കാടുമൂടി കിടക്കുന്ന ബദിയടുക്കയിലെ പഴയ പോലീസ് ക്വാർട്ടേഴ്സ്.
ബദിയടുക്ക: വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ബദിയടുക്കയിലെ പഴയ പോലീസ് ക്വാർട്ടേഴ്സുകൾ കാടുമൂടിയ നിലയിൽ. ബസ്സ്റ്റാൻഡിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള 11 ക്വാർട്ടേഴ്സുകളാണ് കാടുമൂടി കിടക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതായും ഇവിടെനിന്നും സമീപസ്ഥലങ്ങളിലേക്ക് പാമ്പുകൾ ഇഴഞ്ഞെത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
പോലീസുകാർക്കായി ബസ്സ്റ്റാൻഡിനു തൊട്ടടുത്തുതന്നെ പുതിയ ക്വാർട്ടേഴ്സ് നിർമിച്ചതോടെയാണ് ഈ കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ടത്. പലതിന്റെയും വാതിലുകളും ജനലുകളുമെല്ലാം പൊളിഞ്ഞുകിടക്കുകയാണ്. തറയ്ക്ക് ഭൂനിരപ്പിൽനിന്നും അധികം ഉയരമില്ലാത്തതിനാൽ പോലീസുകാർ താമസിച്ചിരുന്ന കാലത്തുതന്നെ ഇവിടെ ഇഴജന്തുക്കളുടെ ശല്യമുണ്ടായിരുന്നതായി പറയുന്നു.
ഇവ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു വർഷം മുമ്പുതന്നെ പോലീസ് പൊതുമരാമത്ത് വകുപ്പിന് കത്തുനൽകിയിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. ഈ കെട്ടിടങ്ങൾ ഒന്നുകിൽ പൊളിച്ചുനീക്കുകയോ അല്ലെങ്കിൽ ബലപ്പെടുത്തി നവീകരിച്ചും ടൈൽസുകൾ പാകി തറയുടെ ഉയരം കൂട്ടിയും മറ്റെന്തെങ്കിലും പൊതു ആവശ്യത്തിന് പ്രയോജനപ്പെടുത്തുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattuvishesham local news