തളിപ്പറമ്പ് നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകുന്നു.
തളിപ്പറമ്പ്: ജില്ലയിൽ ആദ്യമായി തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തളിപ്പറമ്പ് നഗരസഭ തുടക്കം കുറിച്ചു. ഇന്നലെ രാവിലെ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷബിത മറ്റു സ്ഥിരം സമിതി അധ്യക്ഷൻമാർ, മറ്റു കൗൺസിലർ എന്നിവർ പങ്കെടുത്തു.
കോർട്ട് റോഡ്, ബസ് സ്റ്റാൻഡ് പരിസരം ടാക്സി സ്റ്റാൻഡ്, താലൂക്ക് ഓഫീസ് പരിസരം ,പോസ്റ്റ് ഓഫീസ് പരിസരം , മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിലുള്ള തെരുവ് നായ്ക്കൾക്ക് ഉദ്യോഗസ്ഥരും ജീവനകാരുമെത്തി ഇന്നലെ വാക്സിനേഷൻ നൽകി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ, ഡോ. മുഹമ്മദ് ബഷീർ, ഡോ. ഹാഫിസ് എന്നിവർ നേതൃത്വം നൽകി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വിമൽ, അനീഷ് എന്നിവർ വാക്സിനേഷൻ നൽകുന്നതിന് ഡോക്ടർമാരെ സഹായിച്ചു.
മലപ്പുറത്തു നിന്നെത്തിയ ലൈസൻസ് ഉള്ള ജിതേഷിന്റെ നേതൃത്വത്തിലുള്ള നായപിടിത്തക്കാർ വാക്സിനേഷൻ നൽകി വിട്ടയക്കുകയാണ് ചെയ്തത്. വാക്സിൻ നൽകിയവയുടെ കഴുത്തിൽ അടയാളമായി ബെൽറ്റും കെട്ടിയിട്ടുണ്ട്. നായുടെ കടിയേറ്റാലും പേവിഷബാധ ഏൽക്കാതിരിക്കാനുള്ള മുൻകരുതലായാണ് പദ്ധതി നടപ്പാക്കുന്നത്.
തുടർന്ന് 15 ദിവസങ്ങളിലായി മുഴുവൻ വാർഡുകളിലും തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകും. പദ്ധതിയുടെ ആദ്യഘട്ടം സേഫ് ടെയിൽ, സേഫ് തളിപ്പറമ്പ് എന്ന പേരിൽ ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് ഒരു മാസം നീളുന്ന കാന്പയിനിൽ വളർത്തു നായകൾക്കാണ് കുത്തിവയ്പ് നൽകിയത്. രണ്ടാം ഘട്ടമായാണ് തെരുവുനായകൾക്ക് വാക്സിൻ നൽകുന്നത്.
Tags : Nagar Sabha nattuvishesham local news