ന്യൂഡൽഹി: ഏതെങ്കിലും കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നു ബോധ്യമായാൽ കോടതിയുടെ ഔപചാരിക നിർദേശത്തിനു കാത്തിരിക്കാതെ കുറ്റക്കാർക്കെതിരേ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് സുപ്രീംകോടതി.
സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 195(എ) പ്രകാരം കുറ്റകരമാണെന്നും ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീ സിനു സാധിക്കില്ലെന്നും ക്രിമിനൽ നടപടിക്രമത്തിലെ (സിആർപിസി) 195, 340 വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട കോടതിയുടെ രേഖാമൂലമുള്ള പരാതിയിലൂടെ മാത്രമേ അത്തരം കുറ്റകൃത്യങ്ങളിൽ നടപടിക്ക് സാധിക്കൂ എന്നുമുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നു ബെഞ്ച് നിരീക്ഷിച്ചു.
ഏതെങ്കിലുമൊരു കേസിൽ ഭീഷണി നേരിട്ടാൽ അതത് കോടതികൾ സാക്ഷിയുടെ മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനോടു നിർദേശിക്കുകയുമായിരുന്നു നേരത്തേ സ്വീകരിച്ചിരുന്ന നടപടി. ഇതു വലിയ കാലതാമസം നേരിടുന്നതിനു കാരണമായിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ പുതിയ ഉത്തരവനുസരിച്ച് ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിപ്രകാരം പോലീസിന് തുടർനടപടികൾ സ്വീകരിക്കാം. വിഷയത്തിൽ പോലീസിന്റെ ഇടപെടൽ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധി.
കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി
ഒരു കൊലപാതക ക്കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരേ കേസെടുത്ത പോലീസ് നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരേ കേരള സർക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിയമപ്രകാരം പോലീസിന് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. കേസിൽ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി , പ്രതി രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും ഉത്തരവിട്ടു.
Tags : Supreme Court Kerala High Court Police