ഇഴജന്തുക്കൾ വാസമാക്കിയ കാഞ്ഞിരപ്പുഴ കനാലിന്റെ കല്ലടിക്കോട് ഭാഗം കാടുകയറിയ നിലയിൽ.
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഡാമിന്റെ പ്രധാന കനാൽ കാടുകയറി നശിച്ചതോടെ പ്രഭാതനടത്തക്കാർ ഭീതിയിലായി. കാട് മൂടിക്കിടക്കുന്ന കനാലിന്റെ വശങ്ങളിൽ ഇഴജന്തുക്കൾ കിടക്കുന്നതിനാൽ കുട്ടികളടക്കമുള്ളവർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. കല്ലടിക്കോട്ടെ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് കനാലിന്റെ ഉള്ളിലും ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നത്.
കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് മൂർഖൻ പാമ്പ് പത്തിവിടർത്തി ചീറ്റി വന്നു. കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ പാമ്പിനെ ഓടിച്ചുവിടുകയായിരുന്നു.
പാമ്പുകൾക്കു പുറമെ കീരി, പന്നിഎലി, തൊരപ്പൻ, കാട്ടുപന്നി എന്നിവയും കനാലിലെ കാടിനുള്ളിൽ സ്ഥിരമാണ്. കനാലിന്റെ വശങ്ങളിൽ ഒരാൾ ഉയരത്തിൽ കാട് ഉയർന്നു നിൽക്കുന്നുണ്ട്. മുൻവർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിലെ പുല്ലുകൾ വെട്ടി മാറ്റി വൃത്തിയാക്കിയിരുന്നു. എന്നാൽ പുതിയ നിയമം വന്നതോടെ കാടുകളും ചെടികളും വെട്ടി മാറ്റാൻ സാധിക്കാതെ വന്നു.
വൈകുന്നേരങ്ങളിൽ പണികഴിഞ്ഞ് വരുന്നവരും ട്യൂഷന് പോയിവരുന്നവരും ഫോണിന്റെ വെളിച്ചത്തിലാണ് വീടുകളിലേക്ക് പോകുന്നത്. കനാലിന്റെ വശത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി കാലുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ ഇരുട്ടാണ്.
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ അടക്കം വീഴുന്നതും പതിവാണ്. കനാലിലെ കാടുകൾ വെട്ടിത്തെളിച്ച് യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : nattuvishesham local news