തൃക്കരിപ്പൂർ ക്ഷീരസംഘത്തിലേക്ക് യുഡിഎഫ് പ്രവർത്തകർ പശുവുമായി മാർച്ച് നടത്തുന്നു.
തൃക്കരിപ്പൂർ: സിപിഎം നിയന്ത്രണത്തിലുള്ള തൃക്കരിപ്പൂർ ക്ഷീര സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നതായി ആരോപിച്ച് സംഘത്തിലേക്ക് പശുവിനെ ആനയിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ മാർച്ച് നടത്തി.
ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം സംഘം സെക്രട്ടറി എം. അജേഷിനെ ഭരണസമിതി സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ ചന്തേര പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തൃക്കരിപ്പൂർ പഞ്ചായത്ത് കാലിത്തീറ്റയ്ക്കു വേണ്ടി നൽകിയ തുകയും സംഘം തിരിമറി നടത്തിയെന്ന ആരോപണവുമായാണ് യുഡിഎഫ് മാർച്ച് നടത്തിയത്. എനിക്കുള്ള തീറ്റയെവിടെ എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കിയാണ് പശുവിനെ ആനയിച്ചത്.
ക്ഷീരസംഘം ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, എം. രജീഷ് ബാബു, സത്താർ വടക്കുമ്പാട്, പി. കുഞ്ഞിക്കണ്ണൻ, വി.വി. അബ്ദുള്ള, കെ.വി. വിജയൻ, ടി.എസ്. നജീബ്, വി.പി.പി. ഷുഹൈബ്, ഷംസുദീൻ ആയിറ്റി, ഫായിസ് ബീരിച്ചേരി, ടി.പി. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Tags : nattuvishesham local news