നെടുമങ്ങാട്: സിപിഎം മുല്ലശേരി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ രണ്ടു എസ്ഡിപിഐ പ്രവർത്തകരും എസ്ഡിപിഐക്കാരുടെ വീടുകൾക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്ത കേസിൽ നാലു ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസിൽ കീഴടങ്ങി.
എസ്ഡിപി ഐ പ്രവർത്തകരായ കരകുളം ചെക്കക്കോണം വാര്യകോണത്ത് പണയിൽ വീട്ടിൽ നിസാമുദീൻ (49), വട്ടപ്പാറ വേങ്കോട് കൊല്ലമലയത്തുവീട്ടിൽ ഷംനാദ് (36) എന്നിവർ അരുവിക്കര സ്റ്റേഷനിലും ഡിവൈഎഫ്ഐ പ്രവർത്തകരായ സന്നഗർ ഹാഷിക് മൻസിലിൽ റിയാസ് (36), കരകുളം കല്ലറ വീട്ടിൽ അനന്ദു (31), കരകുളം അമലയിൽ അമൽ (31), കരകുളം ജയ ഭവനിൽ അനൂപ് (37) എന്നിവർ നെടുമങ്ങാട് സ്റ്റേഷനിലുമാണ് കീഴടങ്ങിയത്.
കഴിഞ്ഞ നാലിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചതായിരുന്നു തുടക്കം. പിന്നാലെ എസ്ഡിപി ഐ നേതാക്കളുടെ വീടും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചിരുന്നു. ആംബുലൻസ് കത്തിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.