വെളളൂർ: വെള്ളൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ ക്ഷീരഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി.
ക്ഷീരവികസന വകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം. പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുകതന്നെ ക്ഷീരവികസന വകുപ്പും വകയിരുത്തുന്നു. കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന പഞ്ചായത്തുകൾക്കാണ് ക്ഷീരഗ്രാമം പദ്ധതി സർക്കാർ അനുവദിക്കുന്നത്. ഒന്ന്, രണ്ട്, അഞ്ച് എണ്ണത്തിലുള്ള പശു യൂണിറ്റുകൾ, പുൽകൃഷി, കറവയന്ത്രം, കാലിത്തീറ്റ, തീറ്റപ്പുൽ, യന്ത്രവത്കരണം തുടങ്ങിയ ഘടകങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കുന്നു.
വകുപ്പുതല പദ്ധതികൾക്കായി 2025 ഒക്ടോബർ 31 വരെ ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷിക്കാം. പഞ്ചായത്തുതല പദ്ധതികൾ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് അനുവദിക്കുമെന്ന് കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാഗേഷ് പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പളളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്തംഗങ്ങളായ രാധാമണി മോഹനൻ, ലൂക്ക് മാത്യു, ലിസി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ക്വാളിറ്റി കൺട്രാൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, കരിപ്പാടം ക്ഷീരസംഘം പ്രസിഡന്റ് പി.പി. ദേവരാജൻ എന്നിവർ പങ്കെടുത്തു.