അടൂർ: ആവശ്യക്കാർക്ക് ഏതുസമയവും പാൽ ലഭിക്കാൻ കഴിയുന്ന തരത്തിൽ ജില്ലയിലെ ആദ്യ മിൽക്ക് എടിഎം അടൂർ മേലൂട് ക്ഷീരസംഘത്തിൽ പ്രവർത്തനം തുടങ്ങി. അടൂർ പതിനാലാംമൈലിലാണ് എടിഎമ്മിന്റെ പ്രവർത്തനം. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ ആദ്യവിൽപ്പന നിർവഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ ഷീബാ ഖമർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ. പി. ജയൻ, ഡെപ്യൂട്ടി ഡയറക്ടർ പി. അനിത, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
200 ലിറ്റർ പാൽ വരെ കേടുകൂടാതെ സംഭരിക്കാവുന്ന ശീതീകരണിയടക്കമുള്ള സംവിധാനത്തിൽ ആവശ്യക്കാർക്ക് ഏതു സമയവും പാൽ ലഭ്യമാകും. 10, 20, 50, 100, 200 എന്നീ നോട്ടുകൾ ഇട്ടോ ഗൂഗിൾ പേ വഴിയോ സംഘം നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചോ ശുദ്ധമായ പാൽ ഈ വെൻഡിംഗ് മെഷീനിലൂടെ ലഭിക്കുന്നതാണ്.
പാലിന്റെ അളവ് കുറയുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കുന്ന സംവിധാനത്തിൽ കർഷകർ എത്തിക്കുന്ന പാൽ ഗുണനിലവാരം ഉറപ്പാക്കി ദിവസവും രണ്ടു നേരം നിറച്ച് ഉപയോഗിക്കുന്നതിനാണ് ആദ്യഘട്ട ആലോചന.
വെൻഡിംഗ് മെഷീന്റെ പ്രവർത്തനം ഡൽഹിയിലെത്തി നേരിട്ട് മനസിലാക്കി സംഘത്തിൽ നടപ്പിലാക്കാൻ സംഘം പ്രസിഡന്റ് എ.പി. ജയൻ മുന്നിട്ടിറങ്ങുകയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായംകൂടി ലഭ്യമായതോടെ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി നടപ്പിലാകുകയും ചെയ്തു.