കൂരാച്ചുണ്ട്: മഴ ശക്തമായതോടെ കല്ലാനോട്-ഇരുപത്തേഴാംമൈൽ റോഡിൽ മണ്ണിടിച്ചിൽ. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. മലയോര ഹൈവേ നിർമാണ പ്രവൃത്തി നടക്കുന്ന ഇരുപത്തെട്ടാം മൈൽ മേഖലയിലൂടെ യാത്ര ബുദ്ധിമുട്ടായതിനാൽ കല്ലാനോട് നിന്നും തലയാട് പോകുന്ന വാഹനങ്ങൾ എല്ലാംതന്നെ ഈ റോഡ് വഴിയാണ് പോകുന്നത്.
അനുദിനം നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. തലയാടിനുള്ള ബൈപാസ് റോഡായും ഉപയോഗിക്കുന്ന ഈ റോഡിന്റെ ഉയരത്തിലുള്ള തിണ്ടിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. പൊതുവേ വീതി കുറഞ്ഞ റോഡുമാണിത്. റോഡിന് വീതി വർധിപ്പിച്ചും മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചും റോഡ് സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags :