കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് കൊള്ളിക്കാട് ഭാഗത്ത് റോഡിന് സംരക്ഷണ ഭിത്തികെട്ടുന്നതിനായി മണ്ണ് നീക്കം ചെയ്തത
കോതമംഗലം: കോഴിപ്പിള്ളി തങ്കളം ബൈപ്പാസ് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് മണ്ണെടുത്തപ്പോൾ ദുരിതത്തിലായി 10 കുടുംബങ്ങൾ. സംരക്ഷണഭിത്തി നിർമാണത്തിനായി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി എംഎ കോളേജ് ഭാഗത്തേക്ക് പോകുന്ന നഗരസഭ റോഡിന്റെ ചുവട്ടിലെ മണ്ണെടുത്തതാണ് അപകടഭീഷണിക്ക് കാരണമായത്.
മണ്ണ് നീക്കം ചെയ്തതോടെ നിലവിലെ റോഡിന്റെ വീതി കുറയുകയും ചെറുവാഹനങ്ങൾക്കു പോലും കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയിലുമായി. വഴി അടഞ്ഞതോടെ പ്രദേശത്തെ10 കുടുംബങ്ങള്‍ പുറത്തുകടക്കാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നാല് മീറ്റര്‍ വീതിയുള്ള റോഡിന്റെ അടിഭാഗത്ത് ഭിത്തിക്കായി മണ്ണെടുത്തപ്പോള്‍ രണ്ട് മീറ്ററായി. നിര്‍ദിഷ്ട ബൈപ്പാസ് റോഡിന്റെ ഏഴ് മീറ്റര്‍ ഉയരത്തിലാണിപ്പോൾ നഗരസഭ റോഡ്. അടിയിലെ മണ്ണെടുത്താല്‍ ഇത്രയും ഉയരത്തിലുള്ള റോഡ് തകരുകയും വീടിന് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി 10 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം പൊതുമരാത്തിന് നല്‍കിയിരുന്നു.
ആറ് മാസത്തില്‍ ഏറെയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു കിടക്കുകയായിരുന്നു. ഇന്നലെയാണ് നിര്‍മാണം വീണ്ടും തുടങ്ങിയത്. അടിയിലെ മണ്ണ് നീക്കീയാല് മഴയില്‍ കുതിര്‍ന്ന മുകള്ഭാഗം ഇടിയുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രദേശത്തെ വീടുകളില്‍ കഴിയുന്ന വൃദ്ധരായ രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകാനും കഴിയാത്ത സ്ഥിതിയാണ്. പള്ളിച്ചിറ എല്‍സി കുഞ്ഞുമോന്റെ വീടിനും ചേര്‍ന്ന് പോകുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയുമാണ് അപകടഭീഷണിയിലായത്. സംരക്ഷണഭിത്തി പണിത് നല്‍കുമെന്നാണ് പൊതുമരാമത്ത് അറിയിച്ചുള്ളത്.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രദേശവാസികൾ.
Tags : Kothamangalam Ernakulam