പെരിന്തൽമണ്ണ : സ്വകാര്യബസിൽ വയോധികനെ യുവാവ് മർദിച്ചതായി പരാതി. താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് മർദിച്ചത്. ഹംസയുടെ മൂക്കിന് പരിക്കേറ്റിട്ടുണ്ട്. താഴേക്കോട്ട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോകുന്ന ബസിലാണ് ഇന്നലെ വൈകിട്ട് നാലിന് ആക്രമണമുണ്ടായത്.
ബസിലെ സിസിടിവിയിൽ മർദന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബസിൽ വച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടർന്ന് അൽപം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് അസഭ്യം പറഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഹംസയുടെ തലയ്ക്കും മൂക്കിനും പരിക്കേറ്റു.
മൂക്കിന്റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയിൽ ചികിത്സയിലാണ്. വയോധികനെ പലതവണ മർദിക്കുന്നതും പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഹംസയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു. സ്കൂൾ വിട്ട സമയമായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ പിൻവശത്തെ ഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്.
Tags : Malappuram Kerala Police