നെടുമങ്ങാട് : ഡിജിറ്റൽ സർവേ സ്ക്കെച്ച് ആധാരത്തോടൊപ്പം രജിസ്റ്റർ ചെയ്യുന്ന പുതിയ പദ്ധതി ആധാരം എഴുത്ത് മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. റവന്യു വകുപ്പും രജിസ്ട്രേഷൻ വകുപ്പും തമ്മിൽ ഏകോപനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആധാരമെഴുത്തുകാർ ചൂണ്ടിക്കാട്ടുന്നു.
കൈമാറ്റം ചെയ്യേണ്ട വസ്തുവിന് ഫെയർ വാല്യൂ അനുസരിച്ച് ഉള്ള മുദ്രപത്രവും രജിസ്ട്രേഷൻ ഫീസും ഓൺലൈനായി അടച്ച് ആധാരം തയ്യാറാക്കി സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം ഹാജരാക്കിയപ്പോഴാണ് വില്ലേജ് ഓഫീസിൽ നിന്നുള്ള ഡിജിറ്റൽ സർവേ സ്കെച്ച് ഇല്ലാതെ ആധാരം രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന കാരണം പറഞ്ഞ് സബ് രജിസ്ട്രാർമാർ ആധാരം രജിസ്റ്റർചെയ്യാതെ തിരികെ വിടുന്നത്.
വില്ലേജ് ഓഫീസർമാർക്ക് ഡിജിറ്റൽ സർവേ സ്ക്കെച്ച് കൊടുക്കാനുള്ള അധികാരം നൽകിയിട്ടില്ലെന്നാണ് വില്ലേജ് ജീവനക്കാർ പറയുന്നത്. തയ്യാറാക്കിയ ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് എഴുത്തുകാരും ഇടപാടുകാരും നേരിടുന്ന പ്രതിസന്ധി.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഉള്ളവസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ ഡിജിറ്റൽ സർവേ സ്കെച്ച് വെച്ച് ആധാരം രജിസ്റ്റർ ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് രജിസ്ട്രഷൻ-റവന്യു വകുപ്പുദ്യോഗസ്ഥരുടെയും ആധാരം എഴുത്ത് പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചു കൂട്ടണമെന്നും ആവശ്യം ഉണ്ട്.
ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലെ ദുരൂഹത നീക്കണമെന്നും രജിസ്ട്രേഷൻ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ഓൾ കേരളാ ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Tags : Digital survey