പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച യുവതി മരിച്ചത് ചികിത്സ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണെന്ന് യുവതിയുടെ ഭർത്താവ് ശ്രീഹരി ഉൾപ്പടെയുള്ളവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.കോട്ടവട്ടം നിരപ്പിൽ വീട്ടിൽ അശ്വതി (34) യുടെ മരണത്തിലാണ് ഗുരുതര ആരോപണവുമായി ഭർത്താവും ബന്ധുക്കളും പൊതു പ്രവർത്തകരും രംഗത്ത് വന്നത്.
ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ട് യുവതിയെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഭർത്താവ് എത്തിച്ചത്. മതിയായ ചികിത്സ നൽകാതെ മൂന്നു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ കിടത്തി. ഇതിനിടെ നൽകിയ കുത്തിവെപ്പും മറ്റ് മരുന്നുകളും യുവതിയെ അവശയാക്കിയെന്നും ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും കാര്യമായ പരിഗണന ഉണ്ടായില്ലെന്നും ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മരണാസന്ന വേളയിലാണ് അത്യാഹിത വിഭാഗത്തിൽ നിന്നും ഐസിയുവിലേക്ക് യുവതിയെ മാറ്റിയത്. മരണവിവരം അടുത്തുണ്ടായിരുന്ന ബന്ധുക്കളെ അറിയിച്ചതുമില്ല. അശ്വതിയുടെ കാര്യത്തിൽ ആശുപത്രി അധികൃതർ പറയുന്ന ഗുരുതരാവസ്ഥ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ബന്ധുക്കളെ അറിയിക്കുകയോ റഫർ ചെയ്യുകയോ ചെയ്തില്ല. ഇതിലുപരി പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഉന്നയിക്കുന്ന കാര്യങ്ങളും ഇവർ നിഷേധിച്ചു.
യുവതിയുടെ വയറ്റിൽ പഴക്കമുള്ള മുഴയും പഴുപ്പും ഉണ്ടായിരുന്നുവെന്ന് പറയുന്നത് ചികി്ത്സാപിഴവിന് ഉത്തരവദികളായവരെ രക്ഷിക്കാനാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കൾ ഒപ്പമുണ്ടായിട്ടും പോസ്റ്റുമോർട്ടം ചെയ്തവർ ഇത് സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. ഇതിലുപരി പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ ദിവസങ്ങൾ വേണമെന്നിരിക്കെ അന്നുതന്നെ പോസ്റ്റുമോർട്ടത്തിന്റെ വിശാദാംശങ്ങൾ താലൂക്ക് ആശുപത്രി സൂപണ്ടിന് ലഭിച്ചതിലും ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ പത്രകുറിപ്പുകളിലും സംശയുണ്ടെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചു.
സൂപ്രണ്ട് പറയുന്നതുപോലെയുള്ള ഗുരുതരമായ രോഗങ്ങൾ യുവതിക്ക് ഉണ്ടാകുകയോ ഇതിനായി എവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യവതിയായി ആശുപത്രിയിൽ വന്ന യുവതിയെ ചികത്സ പിഴവിലൂടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഉത്തരവാദികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് ശ്രീഹരി, ഇവരുടെ ബന്ധുക്കൾ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ എന്നിവർ പങ്കെടുത്തു.