Kerala
കൊല്ലം: ഗോവയിലെ അഗസെമില് ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു.
ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന് ഹരിഗോവിന്ദ് (22), കണ്ണൂര്‍ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.
കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയില്‍ അഗസയിമിനും, ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം.
അവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം.
ചൊവ്വാഴ്ചയാണ് ഹരിയുള്‍പ്പെടെയുള്ള സേനാംഗങ്ങള്‍ നാവികസേനയുടെ കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്.
നാലുവര്‍ഷത്തെ അഗ്നിവീര്‍ സേവനത്തിന്റെ മൂന്നാംവര്‍ഷത്തിലായിരുന്നു ഇവർ. മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് (ജിഎംസി) ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥര്‍ മോര്‍ച്ചറിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
ഹരിഗോവിന്ദിന്റെ ബന്ധുക്കള്‍ ഗോവയിലേക്ക് പുറപ്പെട്ടു. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഹെഡ് നഴ്സായ പി.കെ. ഷീജയാണ് ഹരിഗോവിന്ദിന്റെ അമ്മ. സഹോദരി: ഡോ. അനന്യ പ്രസന്നന്.
Kerala
അരൂര്‍: ഡയാലിസിസിന് കാറില്‍ ഒറ്റയ്ക്കുപോയ യുവാവ് കുരുക്കില്‍പ്പെട്ടു മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത്
അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ ഗതാഗത കുരുക്കില്‍പ്പെട്ട് അവശനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടമായി. കുറച്ചുവര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
ആഴ്ചയില്‍ രണ്ടുതവണ എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 11ഓടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അരൂര്‍ അമ്പലം ജംഗ്ഷനു സമീപമാണ് സംഭവം.
അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരന്‍ ഡിജു വി.ആര്. ആശുപത്രിയില്‍ കൂട്ടുപോകാനായി കാത്തു നിന്നിരുന്നു. പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുക്കാതെ വന്നപ്പോള്‍ ഇദ്ദേഹം അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിനുതാഴേക്ക് വാഹനം മാറ്റിയിട്ട നിലയില്‍ കണ്ടത്.
ഇദ്ദേഹം സമീപത്തുള്ള അമ്പലം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാരെയും വിളിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ ആംബുലന്‍സെത്തി ഡയലാസിസ് ചെയ്യുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
കൊച്ചിയിലെ ആഡംബര വാഹന ഷോറൂമിലെ ജീവനക്കാരനാണ്. പിതാവ് പ്രഭാകരന്. മാതാവ്: സുശീല. ഭാര്യ: ഡിജി. മകന്: അര്ജുന്. സംസ്കാരം വ്യാഴാഴ്ച.
Kerala
കണ്ണൂർ: ബിവറേജസ് ഔട്ട്ലറ്റിന് സമീപത്തെ കടവരാന്തയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ കുറ്റിപ്പുറം സ്വദേശിയും കണ്ണൂർ നഗരത്തിൽ ആക്രിപെറുക്കി ജീവിക്കുന്നയാളുമായ ശശികുമാറിനെ (52) ടൗൺ പോലീസ് അറസ്റ്റ്ചെയ്തു.
തോട്ടട സമാജ്വാദി നഗറിലെ 50കാരിയെയാണ് ചൊവ്വാഴ്ച രാവിലെ പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് പുറകുവശത്തുള്ള കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അതിക്രമത്തിനിടയിൽ സ്ത്രീയുടെ തല തറയിലിടിച്ചാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. തലയുടെ പുറകുവശത്ത് മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലംപ്രയോഗിച്ച് പീഡനം നടന്നതായും തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷിമൊഴിയും ശാസ്ത്രീയ അന്വേഷണവുമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.
സ്ത്രീയും നഗരത്തിൽ ആക്രിപെറുക്കി ജീവിക്കുന്നയാളാണ്. 20 വർഷമായി ശശികുമാർ കണ്ണൂരിലുണ്ട്. ഭാര്യയും മക്കളും നാട്ടിലുണ്ടെന്ന് പറയുന്നു.
രാത്രി വൈകിയും ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ട തമിഴ്നാട് സ്വദേശിയുടെ സാക്ഷിമൊഴിയാണ് പ്രതിയിലേക്ക് മണിക്കൂറിനുള്ളിൽ എത്താൻ സാധിച്ചത്.
ബലംപ്രയോഗിച്ചുള്ള ലൈംഗീകാതിക്രമത്തിനിടെ സ്ത്രീ തലയിടിച്ച് തറയിൽ വീണു. തലയുടെ പുറകുവശം മുറിഞ്ഞ് രക്തം വാർന്നു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് ഇതൊന്നും മനസിലായില്ല.
ബുധനാഴ്ച ഉച്ചയോടെ പോലീസിന്റെ പിടിയിലായപ്പോൾ മാത്രമാണ് സ്ത്രീ കൊല്ലപ്പെട്ടത് ഇയാൾ അറിഞ്ഞത്. ഇരുവരും നഗരത്തിലെ കടവരാന്തയിലാണ് വർഷങ്ങളായി താമസിക്കുന്നത്. ഇയാൾക്ക് മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Kerala
പെരുമ്പാവൂർ : അരിമില്ലിലെ ഫർണസിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രവി കിഷൻ (20) ആണു മരിച്ചത്. ഓടയ്ക്കാലി തലപ്പുഞ്ചയിൽ പ്രവർത്തിക്കുന്ന റൈസ് കോ എന്ന കമ്പനിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു സംഭവം.
50 അടിയോളം ഉയരത്തിലുള്ള ടാങ്കിലാണു തൊഴിലാളി അകപ്പെട്ടത്. ടാങ്കിന് മുകളിലെ ഷീറ്റ് വൃത്തിയാക്കുന്നതിനിടെ ഷീറ്റ് തകർന്ന് ടാങ്കിലേക്ക് വീഴുകയായിരുന്നു.
പെരുമ്പാവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന 15 അടി താഴ്ചയിൽ ഉമിത്തീയിൽ അകപ്പെട്ട രവി കിഷനെ റോപ്പ് ഉപയോഗിച്ചു പുറത്തെടുത്ത് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് വടകര സ്വദേശി അസ്മിന (37) യുടെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിന്‍ ജോര്‍ജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലിന് യുവാവ് ലോഡ്ജിന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ടണലിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രവി കിഷൻ ആണ് മരിച്ചത്. ഓടക്കാലിയിലെ റൈസ് കോ എന്ന അരി മില്ലിലാണ് സംഭവം.
ഒരാഴ്ച മുൻപാണ് രവി കിഷൻ ഇവിടെ എത്തിയത്. ചാരം പുറത്തേക്ക് തള്ളുന്നതിന് വി ആകൃതിയിൽ നിർമിച്ച ടണലിലേക്ക് രവി കിഷൻ കാൽ വഴുതി വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രവി കിഷനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
എന്നാൽ അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടക്കുന്നുണ്ട്.
Kerala
കോഴിക്കോട്: കുറ്റ്യാടിയിൽ നിര്‍മാണം നടക്കുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത്
കുറ്റ്യാടി കോവക്കുന്നിലാണ് ദാരുണ അപകടമുണ്ടായത്. ഡ്രില്ലിംഗ് മെഷീന് ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
അഖിലേഷിനെ ഉടന്‍ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Kerala
കൊല്ലം: അഞ്ചാലുമ്മൂട്ടില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ നടന് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.ആര്. ലഗേഷ്(62) ആണ് മരിച്ചത്.
ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയായിരുന്നു ലഗേഷിന്.
ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ- 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്.
പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (ആറ്), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ തീപിടിത്തം പിന്നീട് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എസി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമനയുടെ അഞ്ച് ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
കാസർഗോഡ്: കിണറ്റില്‍ വീണ് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു. കാസർഗോഡ് ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥനും കുന്പള നായ്ക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ വിവേക് (32) ആണ് മരിച്ചത്.
ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ കിണറ്റില്‍ ഇറങ്ങിയ അനുജൻ കിണറില്‍ കുടുങ്ങിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ജ്യേഷ്ഠൻ കിണറില്‍ വീണത് കണ്ട അനുജൻ തേജസ് സമീപത്തുണ്ടായിരുന്ന കയർ എടുത്ത് കിണറിലേക്ക് രക്ഷപ്പെടുത്താൻ ഇറങ്ങുകയായിരുന്നു.
ഇതിനിടയില്‍ കിണറില്‍ കുടുങ്ങിയ തേജസിനെ നാട്ടുകാരെത്തി കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. വിവേകിനെ കിണറില്‍നിന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
പിന്നീട് ഉപ്പളയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് വിവേകിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. ചൊവ്വാഴ്ച ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി അമല്‍ ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും കൊല്ലത്തുള്ള മറ്റൊരു യുവാവും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് അമലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
പ്രണയബന്ധം തകര്‍ന്നതിനു പിന്നാലെ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ വര്‍ക്കല കണ്ണമ്പയിലുള്ള വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളുമായി കൈയാങ്കളി ഉണ്ടായത്.
ഇതിനിടെ അമലിന് അടിയേല്‍ക്കുകയായിരുന്നു. 14ന് രാത്രിയാണ് സംഭവം നടന്നത്. അന്നു കൊല്ലം കുണ്ടറയിലെ വീട്ടിലേക്കു മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തെങ്ങില്‍നിന്നു വീണതാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിച്ചു. ഇതിനിടെ ആരോഗ്യനില വഷളായി അമല്‍ 17ന് മരിച്ചു.
പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് വര്‍ക്കല പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
Kerala
കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ട് പെണ്‍കുട്ടികളിൽ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ മീനു, ശിവര്‍ണ എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്.
അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്.
വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് വീണ് കിടക്കുന്ന പെൺകുട്ടികളെയാണ് കാണുന്നത്. പെൺകുട്ടികൾ ചാടിയതാണോ എന്നും സംശയമുണ്ടെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കോ ടൂറിസം കേന്ദ്രമാണ് മരുതിമല.
Kerala
കൊച്ചി: ആലുവയിൽ ജോലി ചെയ്യുന്നതിനിടയിൽ പ്ലംബർ കുഴഞ്ഞുവീണ് മരിച്ചു. കടുങ്ങല്ലൂർ സ്വദേശി ബാബു (49) ആണ് മരിച്ചത്.
യുസി കോളേജിനടുത്തുള്ള വീട്ടിൽ വച്ച് വൈകുന്നേരമാണ് സംഭവം. സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവ് മരിച്ചു. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം.
തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു.
പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസുമായാണ് സ്കൂട്ടർ കൂട്ടി ഇടിച്ചത്.
ഉടൻ മറ്റ് രണ്ട് ആംബുലൻസുകൾ എത്തിച്ചു. പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഷിഫാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വയറിന്റെ ഭാഗത്തും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
Kerala
കൊല്ലം: പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ സ്വദേശി അനീഷ് (39) ആണ് മരിച്ചത്.
കുരിയോട്ടുമല ഫാമിൽ വൈദ്യുതി ലൈനിൽ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു അനീഷ്.
വൈദ്യുതാഘാതമേറ്റ് വീണ അനീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത് വിശ്രുതൻ ജോലിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. വൈക്കം ദേവസ്വം ബോർഡ് ഓഫീസിൽ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു. ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി.എൻ. വാസവനും എത്തി. എഞ്ചിനീയറിങ് ബിരുദധാരിയാണ് നവനീത്. അമ്മയും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നവനീത് നന്ദി പറഞ്ഞു. സർക്കാർ വാക്ക് പാലിച്ചെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസം അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ആറ് വയസുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
National
റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്.
കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.
ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബൈക്കിൽ സഞ്ചിരിച്ചിരുന്ന കുടുംബത്തിലെ അച്ഛനും മക്കളുമാണ് മരിച്ചത്.
സോമനാഥപട്ടിണം സ്വദേശി പി. കാളിദാസ് (35), മക്കളായ രാഘവൻ (10), ദർശിത്(മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവരൊടോപ്പമുണ്ടായിരുന്ന കാളിദാസിന്റെ ഭാര്യ രമ്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ഞായറാഴ്ച വൈകുന്നേരാണ് അപകടമുണ്ടായത്. തഞ്ചാവൂർ ജില്ലയിലെ സേതുബാവചത്രത്ത് വച്ചാണ് അപകടനം നടന്നത്. രമ്യയുടെ വീട്ടിൽ പോയി മടങ്ങിവരുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്.
National
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ സ്കൂൾ വിദ്യാർഥിനിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കെൽവാഡ സ്വദേശിയായ 12-ാം ക്ലാസ് വിദ്യാർഥി പ്രീതി അഹെദി ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നരമാണ് സംഭവം. കോട്ടയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രീതിയെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പ്രീതിയെ പിന്നീട് കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ കാക്കാഴം സ്വദേശിയായ വയോധികനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ട ചിറയിൽ ഗോപി (73) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് ഗോപിയെ നാലുപാടം പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ പാടത്തേക്ക് പോയ ഗോപി ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രഘുപതി. മക്കൾ: അനീഷ്, വിനീഷ്, നിഷ. മരുമക്കൾ: സുനിത, നീതു, സുധാകരൻ.
National
ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
പുര കലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം.
സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സർക്കിൾ ഓഫീസർ (സിഒ) ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി.
പോലീസ്, അഗ്നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥർ അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. എസ്കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന വീടിന് സമീപത്തെ മറ്റ് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
നാട്ടുകാരോട് സ്ഥലത്ത് നിന്ന് ദൂരേക്ക് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അഞ്ച് പേരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനവും സഹായ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ മഹാരാജാഗഞ്ചിൽ അമിത വേഗതയിലെത്തിയ പിക്ക്അപ്പ് വാഹനം ബൈക്കിൽ ഇടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു. പനിയാര-പാർട്ടാവൽ റോഡിലാണ് സംഭവം.
ഭരംപൂർ ഗ്രാമത്തിൽ താമസിക്കുന്ന മാതൃസഹോദരി കമർജഹാൻ (30), സഹോദരൻ അക്രം(18) എന്നിവർക്കൊപ്പം യാത്ര ചെയ്ത ഷമാദ്(നാല്)ആണ് മരിച്ചത്.
അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് പോലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തിയത്.
പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ചനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞുവീട്ടിൽനിന്ന് പോയതാണ് അനിൽകുമാർ. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതെന്നാണ് വിവരം. ഭാര്യ: മഞ്ജു. മക്കൾ: വിദ്യ, നിത്യ, ആദർശ്.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുടപ്പല്ലൂർ പന്തപറമ്പ് കുണ്ടുകാട് മാധവി (75) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. പന്തപറമ്പ് എലക്കോട്ടുകുളത്തെ കുളത്തിലാണ് മാധവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊള്ളാച്ചിയിൽ മകന്റെ വീട്ടിലായിരുന്ന മാധവി പെൻഷൻ വാങ്ങിക്കാൻ വേണ്ടി മുടപ്പല്ലുരിൽ എത്തിയതായിരുന്നു. കുളത്തിനരികിലൂടെ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രഥമിക നിഗമനം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ മരണ കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അട്ടപ്പാടി സ്വദേശി ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ശാന്തകുമാർ സഞ്ചരിച്ച വാഹനം ആന ആക്രമിച്ചു. വീഴ്ചയിൽ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു .
ഉടൻതന്നെ ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
കണ്ണൂർ: കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.
രാവിലെ കോളജിൽ എത്തിയിരുന്നു. പിന്നാലെ ക്ലാസിൽ കുഴഞ്ഞു വീണു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ പൊള്ളലേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്നാണ് പോലീസ് പറയുന്നത്.
മരിച്ചവരിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
National
റായ്പുർ: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ചിൽപി പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അകാൽഗാരിയ ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ റായ്പുരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. കോൽക്കത്തയിലേയ്ക്കുള്ള ട്രെയിൻ കയറുവാനായി ബിലാസ്പുരിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
Kerala
കാസർഗോഡ്: കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴോടെയായിരുന്നു സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
National
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്.
12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്‍മാന്റെ മക്കള്‍.
ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തർക്കത്തിന് പിന്നാലെ കുഷ്നുമ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ സൽമാൻ മക്കളുമായി യമുനയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തിരച്ചില്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം. മഞ്ചേരി നറുകരയിലാണ് സംഭവം.
അപകടത്തിൽ അഞ്ച് വയസുകാരനായ ഇസിയാൻ മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
National
ചെന്നൈ: സേലം ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന് പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു.
ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പോലീസ് കേസെടുത്തു.
Kerala
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്റെ മകൻ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്.
ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെബിഎസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.
Kerala
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ഒരു ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
National
ജയ്പുർ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു. പത്തോളം പേർ ചികിത്സയിൽ. രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള നിതീഷ് (അഞ്ച്), സാമ്രാട്ട് ജാദവ് (രണ്ട്) എന്നിവരാണ് ചുമ മരുന്ന് കഴിച്ചതിനു പിന്നാലെ മരിച്ചത്.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ചത്. മരുന്ന് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താനായി ഒരു ഡോസ് കഴിച്ച ഡോക്ടറെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു.
തിങ്കളാഴ്ചയാണ് നിതീഷ് മരിച്ചത്. ഡെക്സ്ട്രോമെതോർഫൻ ഹൈഡ്രോബ്രൊമൈഡ് എന്ന സംയുക്തം അടങ്ങിയ ചുമ മരുന്ന് കഴിച്ചാണ് കുട്ടിക്ക് നൽകിയത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിച്ചു.
കുട്ടിക്ക് മറ്റ് ആരോഗ്യപ്രശനങ്ങളൊന്നുമില്ലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. നിതീഷിന്റെ മരണവാർത്ത പുറത്തുവന്നതോടെ സമാന രീതിയിലാണ് തങ്ങളുടെ കുട്ടി മരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി സാമ്രാട്ട് ജാദവ് എന്ന രണ്ട് വയസുകാരന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഈ കുട്ടി മരണപ്പെട്ടത്.
ഈ കുട്ടികളുടെ മരണ വിവരം പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മരുന്ന് കഴിച്ച് തങ്ങളുടെ കുട്ടികളുടെ ആരോഗ്യം മോശമായെന്ന ആരോപണവുമായി ഏതാനും ചില മാതാപിതാക്കളും രംഗത്തു വന്നു.
ഇതോടെ മരുന്നിന് പ്രശ്നമില്ലെന്നു തെളിയിക്കാനായി ഡോ.താരാചന്ദ് യോഗി മരുന്ന് കുടിച്ചു. പിന്നാലെ കാറോടിച്ചു പോയ ഡോക്ടർക്ക് അസ്വസ്ഥത തോന്നി. ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കിപ്പുറം കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെയാണ് രാജസ്ഥാനിൽ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജസ്ഥാൻ സർക്കാർ പ്രസ്തുത സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു.
ശ്വാസതടസത്തിനും അമിതക്ഷീണത്തിനും കാരണമായ ചുമ മരുന്നിന്റെ വിതരണം വിലക്കിയെന്ന് ബൻസ്വാരയിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. പ്രദ്യുമൻ ജെയ്ൻ എൻഡി ടിവിയോട് പറഞ്ഞു. മരുന്നിന്റെ ഡോസ് കൂടിപ്പോയതാവാം കാരണമെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
International
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ സാധാരണക്കാരായ എട്ട് പേർ കൂടി കൊല്ലപ്പെട്ടു. പാക് സേന നടത്തിയ വെടിവയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടത്.
ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാല് പേരും മുസാഫറാബാദിൽ രണ്ട് പേരും മിർപൂരിൽ രണ്ട് പേരും മരിച്ചു. ചൊവ്വാഴ്ച മുസാഫറാബാദിൽ നിന്ന് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 10 ആയി.
മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പാക് അധിനിവേശ കാഷ്മീരിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
മാർക്കറ്റുകൾ, കടകൾ തുടങ്ങിയവ എന്നിവ പൂർണമായും അടച്ചിടുകയും ഗതാഗത സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തു. മുസാഫറാബാദിലേക്കുള്ള മാർച്ച് തടയാൻ പാലങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ പ്രതിഷേധക്കാർ നദിയിലേക്ക് തള്ളിയിട്ടു.
70 വർഷത്തിലേറെയായി ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അവകാശങ്ങൾ നൽകുക, അല്ലെങ്കിൽ ജനങ്ങളുടെ ശക്തി നേരിടുക.- എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ഒരു വിദ്യാർഥി മരിച്ചു. 65 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ഈസ്റ്റ് ജാവയിലെ സിഡൗർജോയിലുള്ള അൽ കോസിനി സ്കൂളിന്റെ കെട്ടിടമാണ് തകർന്നുവീണത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസും സൈനികരും നാട്ടുകാരും അടക്കമുള്ളവർ രക്ഷാപ്രവർത്തനം നടത്തുകയാണ്.
അപകടത്തിൽപ്പെട്ട ഭൂരിപക്ഷം പേരും ഏഴാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യർഥികൾ. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Kerala
കോട്ടയം: തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.
കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിദ്ദീഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
അർധരാത്രിയിൽ തലപ്പാറ കൊങ്കിണിമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.
Kerala
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഡോ. മാലതി ദാമോദരൻ(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശാസ്തമംഗലം ലെയിനിലുള്ള വീട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ഡോ. എ.ഡി. ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സുമംഗല, ഹരീഷ് ദാമോദരന്‍. സഹോദരങ്ങൾ: ഇ.എം. രാധ, ഇ.എം. ശ്രീധരന്, ഇ.എം. ശശി.
National
അമരാവതി: ആന്ധ്രാപ്രദേശിൽ അബദ്ധത്തിൽ തിളച്ചപാലുള്ള പാത്രത്തിൽ വീണ് ഒന്നരവയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. അനന്തപൂർ ജില്ലയിലെ ബുക്കരായസമുദ്രം മണ്ഡലത്തിലെ കൊരപ്പാടിനടുത്തുള്ള അംബേദ്കർ ഗുരുകുൽ സ്കൂളിലാണ് സംഭവം.
സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിത ആണ് മരിച്ചത്. സംഭവദിവസം മകളെയും കൂട്ടിയാണ് കൃഷ്ണവേണി സ്കൂളിൽ ജോലിക്ക് എത്തിയത്.
അബദ്ധത്തിൽ പാത്രത്തിൽ വീണ കുട്ടി വേദനകൊണ്ട് പുളഞ്ഞു. പാത്രത്തിൽ നിന്നും പുറത്തുകടക്കുവാൻ കുട്ടി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
കരച്ചിൽ കേട്ടെത്തിയ കൃഷ്ണവേണി കുഞ്ഞിനെ ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Kerala
കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വീടിന്റെ റൂഫ് ടോപ്പിൽ നിന്നും വീണ് യുവതിയും 11മാസം പ്രായമുള്ള മകളും മരിച്ചു. മിത്തൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപമുള്ള രാജ്വൻഷ് കോളനിയിലാണ് സംഭവം.
ഗൗരി സിസോദിയ(30) എന്ന സ്ത്രീ യുവതി കൈക്കുഞ്ഞായ മകളുമായി വീടിന്റെ മേൽക്കൂരയിലേക്ക് പോയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവർ വീഴാനുണ്ടായ കാരണം വ്യക്തമല്ല. സംഭവം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
മേൽക്കൂരയ്ക്ക് സംരക്ഷണ ഭിത്തി ഇല്ലായിരുന്നുവെന്നും, അതായിരിക്കാം അപകടത്തിന് കാരണമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Kerala
കാസർഗോഡ്: കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി. പള്ളഞ്ചിയിലെ അനീഷാണ് (43) ജീവനൊടുക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബേത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ടവന്ന കാർ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരിക്കേറ്റത്.
അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
റായ്പുർ: ചത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ ഡെവലപ്മെന്റ് ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
സതീഷ് നേതം, ശ്യാംലാൽ നേതം, സുനിൽ ഷോരി എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് കാണികൾക്കുള്ള ടെന്റ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ 11-കെവി വൈദ്യുതി ലൈൻ തട്ടിയതാണ് അപകടകാരണം. ഇതേതുടർന്ന് നിരവധിയാളുകൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിശ്രാംപുരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Kerala
ചവറ: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൊബൈൽ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ നീണ്ടകര ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിൽ ശക്തികുളങ്ങര ശ്രീദേവി നിവാസിൽ എസ്.ശ്രീജിത്ത് (30) ആണ് മരിച്ചത്.
ഒരേ ദിശയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നീണ്ടകര താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
കാവനാട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തിവരിക ആയിരുന്നു ശ്രീജിത്ത്. ചവറയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
മുംബൈ: മഹാരാഷ്ട്രയിൽ ബൈക്ക് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിനും മൂന്നു വയസുകാരിയായ മകൾക്കും ദാരുണാന്ത്യം. താനെ ജില്ലയിലെ ഭിവണ്ടിയിലാണ് സംഭവം.
സുഖമില്ലാതിരുന്ന കുട്ടിയുമായി യുവാവ് ആശുപത്രിയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പഡ്ഗ പ്രദേശത്ത് ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (താനെ റൂറൽ) അൻമോൾ മിത്തൽ പിടിഐയോട് പറഞ്ഞു.
പഡ്ഗയിലെ ബോറിവാലി നിവാസിയായ സഹീം മഖ്ബൂൽ ഖോട്ട് ഭാര്യയ്ക്കും മൂന്ന് വയസുള്ള മകൾക്കുമൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. ഖോട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകളും പിന്നാലെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
NRI
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാതമംഗലം സ്വദേശിയായ വി.വി. ശരത്(42) ആണ് മരിച്ചത്.
ശങ്കരൻകുട്ടി (റിട്ട. സെൻട്രൽ ഡിഫൻസ് അക്കൗണ്ടന്റ്സ്) - വത്സല (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി (യുഎസ്). മക്കൾ: ഇന്ദ്ര, സാറ (ഇരുവരും യുഎസിൽ വിദ്യാർഥിനികൾ).
Kerala
കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടർ ബസിൽ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.
കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
National
ജയ്പുർ: രാജസ്ഥാനിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരൻ അബദ്ധത്തിൽ സ്വയം വെടിവച്ച് മരിച്ചു. കോട്പുട്ലി-ബെഹ്റോർ ജില്ലയിലെ ചിതോലി ഗ്രാമത്തിലാണ് സംഭവം.
ദേവാൻഷു എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിലെ മുറിയിലെ പെട്ടിയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. കളിക്കുന്നതിനിടെ പെട്ടിയിൽ നിന്നും തോക്ക് പുറത്തെടുത്ത ദേവാൻഷു അബദ്ധത്തിൽ ട്രിഗർ വലിക്കുകയും വെടിയുണ്ട തലയിൽ തുളഞ്ഞ് കയറുകയുമായിരുന്നു.
വെടിയൊച്ച കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ചന്ദ്വാജിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.
തോക്ക് വീട്ടിൽ സൂക്ഷിച്ചതിനും അശ്രദ്ധ കാണിച്ചതിനും കുട്ടിയുടെ പിതാവ് മുകേഷിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കായിക്കര സ്വദേശിയും കൊച്ചുചാത്തിയോട് വീട്ടിൽ അനു (38) ആണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം
ഇരുവര്‍ക്കുമിടയില്‍ പ്രശ്നം നിലനിന്നിരുന്നതിനാൽ ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഭർത്താവ് അനുവിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കൈയ്ക്കും തലയ്ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
National
റായ്പുർ: ചത്തീസ്ഗഡിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് മൂന്നുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ജാഷ്പൂർ ജില്ലയിലെ ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരുദണ്ട് ഗ്രാമത്തിലാണ് സംഭവം.
ഗണപതി ഉത്സവവുമായി ബന്ധപ്പെട്ട് ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നൂറിലധികം പ്രദേശവാസികൾ ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
വിപിൻ പ്രജാപതി (17), അരവിന്ദ് കെർകെട്ട (19), ഖിരോവതി യാദവ് (32) എന്നവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ സർഗുജ ജില്ലയിലെ അംബികാപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മദ്യപിച്ചിരുന്ന എസ്യുവി ഡ്രൈവർ സുഖ്സാഗർ വൈഷ്ണവിനെ (40) അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
International
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
NRI
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
National
ചെന്നൈ: ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കൽ കോളജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ്(39) ആണ് രോഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
സഹപ്രവർത്തകർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
സിപിആർ, സ്റ്റെന്റിഗോടുകൂടിയ അടിയന്തര ആൻജിയോപ്ലാസ്റ്റി, ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ്, ഇസിഎംഒ എന്നിവ നൽകിയെങ്കിലും ഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല.
ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം. ഡോക്ടർ റോയിക്ക് ഭാര്യയും ഒരു മകനുമുണ്ട്.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തമ്പലക്കാട് കീച്ചേരി രാജ്മോഹൻ നായരുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം, കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്കാൻറോൺ ലാബിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ദീപുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അഭിജിത്തിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിന്റെയും വിവാഹം.
National
ബംഗളൂരു: അന്യജാതിക്കാരനെ പ്രണയിച്ച മകളെ ബലമായി വിഷം കുടിപ്പിച്ച് കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്.
കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് സംഭവം. 18കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നായിരുന്നു കുടുംബം നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് പെണ്മക്കളാണ് ശങ്കറിനുള്ളത്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇരുളടയുമെന്നും അതുകൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നും ശങ്കര്‍ മകളോട് ആവശ്യപ്പെട്ടു.
പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മറ്റെല്ലാം മറക്കണമെന്നും ആവര്‍ത്തിച്ചു. എന്നാല്‍ പെണ്‍കുട്ടി പ്രണയം ഉപേക്ഷിക്കാന്‍ തയാറായില്ല. മകളുമായി വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ ബലമായി വായ തുറപ്പിച്ച് വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നു.
ചെടിക്കടിക്കുന്ന കീടനാശിനിയാണ് ശങ്കര്‍ മകളെ കുടിപ്പിച്ചത്. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നു. വിഷം കഴിച്ച് മകള്‍ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളോട് ഉള്‍പ്പടെ പറഞ്ഞതും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ശങ്കറിന് പുറമെ രണ്ട് പേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പോലീസ് പറയുന്നു.
ഫൊറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്നും കല്‍ബുര്‍ഗി പോലീസ് വ്യക്തമാക്കി.
National
ലക്നോ: ഉത്തർപ്രദേശിലെ ബന്ദയിൽ സഹപാഠി തള്ളിയിട്ടതിനെ തുടർന്ന് പത്ത് വയസുകാരി മരിച്ചു. കമാസിൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമേധ സാനി ഗ്രാമത്തിലാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർഥി ഗോമതിയാണ് മരിച്ചതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ശിവരാജ് പറഞ്ഞു. "ചൊവ്വാഴ്ച ഒരു സഹപാഠി ഗോമതിയെ തള്ളിയിട്ടിരുന്നു. തുടർന്ന് കുട്ടി ബോധരഹിതയായി. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണസംഭവിച്ചിരുന്നു'.-എഎസ്പി വ്യക്തമാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോമതിയെ തള്ളിയിട്ട വിദ്യാർഥിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Kerala
പത്തനാപുരം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തി പാറക്കുളത്തിൽ ചാടിയ മധ്യവയസ്കൻ മുങ്ങി മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് പടവള്ളിക്കോണം പുന്നറമൂലയിൽ അനി(51) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മദ്യപിച്ച നിലയിൽ രക്ഷിക്കാൻ എത്തിയ ഒപ്പമുള്ളയാളെ നാട്ടുകാർ തടഞ്ഞുവെച്ചു.
പറങ്കിമാംമുകളിൽ കെട്ടിടത്തിന്റെ തേപ്പുജോലിക്ക് എത്തിയ അനി അടക്കമുള്ള അഞ്ചുപേരാണ് കുളത്തിന് സമീപം എത്തിയത്. സംഭവത്തിന് തൊട്ടുമുമ്പ് സംഘം മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
തുടർന്ന് പാറക്കുളത്തിൽ ചാടുകയായിരുന്നു. പാറക്കുളത്തിന് നല്ല ആഴമുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതനുസരിച്ച് അഗ്നി രക്ഷാസേനയും കൊല്ലത്തു നിന്നുള്ള സ്കൂബ ടീമും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കവിതയാണ് അനിയുടെ ഭാര്യ. അനു, അനൂപ് എന്നിവർ മക്കളാണ്.