കോഴിക്കോട്: മത്സരയോട്ടത്തിൽ ഏർപ്പെട്ടതായി പരാതിയുള്ള സ്വകാര്യ ബസ് ഇടിച്ച് ഒക്ടോബർ മൂന്നിന് രാമനാട്ടുകരയിൽ മധ്യവയസ്ക മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) ആർടിഒക്കും നിർദേശം നൽകി.
മത്സരയോട്ടത്തെകുറിച്ചും അപകടത്തിൽപ്പെട്ടയാളുകളെ രക്ഷിക്കാൻ ശ്രമിക്കാതെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതിനെ കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കണം.15 ദിവസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. നവംബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തസ്ലീമ (54) യാണ് മരിച്ചത്.
കോഴിക്കോട്-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘ടീപീസ് ’ എന്ന ബസാണ് ഇടിച്ചത്. തസ്ലീമയുടെ ഭർത്താവിന് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം തട്ടിയതായി മനസിലാക്കിയപ്പോൾ ബസ് ഡ്രൈവറും കണ്ടക്റ്ററും ബസിന്റെ താക്കോലുമെടുത്ത് സ്ഥലത്ത് നിന്നും മുങ്ങിയതായി പറയുന്നു.
ഇത്തരം നടപടികൾ മനുഷ്യരഹിതമാണെന്ന് കമ്മീഷന് വിവരങ്ങൾ കൈമാറിയ പത്രപ്രവർത്തകൻ ഇർഷാദ് കല്ലമ്പാറ പറഞ്ഞു. റോഡിലുണ്ടായിരുന്ന ബസ് ഫറോക്ക് പോലീസ് ക്രെയിനിന്റെ സഹായത്തോടെയാണ് നീക്കം ചെയ്തത്. പാലക്കാട്ടേയ്ക്ക് സർവീസ് നടത്തുന്ന ‘റൊസാരിയോ’ എന്ന ബസുമായി മത്സരയോട്ടത്തിലായിരുന്നു ഇടിച്ച ബസ് എന്ന് പറയപ്പെടുന്നു. കമ്മീഷനിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.