പുല്ലാട്: സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് വിവിധ സർക്കാർ വകുപ്പുകൾ, ക്ഷേമ ബോർഡുകൾ, മിൽമ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏകോപിപ്പിക്കാനും ഇവ ഒറ്റ ഏജൻസി മുഖേന ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് പുല്ലാട് കുറവൻകുഴി അജയ് ഫാമിൽ കേരള പത്രപ്രവർത്തക യൂണിയൻ ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷക വികസന സംഗമം ആവശ്യപ്പെട്ടു.
ക്ഷീര വികസനം, മൃഗസംരക്ഷണം, മിൽമ, കെഎൽഡി ബോർഡ്, ലൈവ് സ്റ്റോക്ക് ഡിപ്പാർട്ട്മെന്റ്, കേരള ഫീഡ്സ് തുടങ്ങിയവ ക്ഷീര കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എല്ലാ ഏജൻസികളും ഒരേ കാര്യത്തിനു തന്നെയാണ് സഹായം നൽകുന്നത്.
ഒരിടത്തു നിന്ന് ആനുകൂല്യങ്ങൾ ലഭിച്ചാൽ അതേ ആവശ്യത്തിന് മറ്റൊരു ഏജൻസിയെ സമീപിക്കാനാകില്ല. തുച്ഛമായ തുകയാണ് എല്ലാ ഏജൻസികളും നൽകുന്നത്. ഇതിനൊരു മാറ്റം വരണമെങ്കിൽ വിവിധ വകുപ്പുകളും ഏജൻസികളും നൽകുന്ന ആനുകൂല്യങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം വേണമെന്ന് കർഷക സംഗമം ആവശ്യപ്പെട്ടു.
ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികള്‍ക്കുളള ഇന്‍ഷ്വറൻസ് സൗജന്യമാക്കണം. നിലവില്‍ ഒരു കാലി ചത്താല്‍ തുച്ഛമായ തുകയാണ് സ്വകാര്യ ഇൻഷ്വറൻസ് കന്പനികളിൽ നിന്നു ലഭിക്കുന്നത്. സര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സില്‍ നിന്ന് തുക കിട്ടുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പുറത്ത് ലിറ്ററിന് 70 രൂപ വരെ പാലിന് വില ലഭിക്കുമ്പോള്‍ മില്‍മയില്‍ നിന്ന് കിട്ടുന്നത് 44 രൂപയാണ്.
ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് നഷ്ടമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്ന പ്രമേയവും അവതരിപ്പിച്ചു.
പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ 61 - ാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി നടന്ന ക്ഷീരകർഷക സംഗമം മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ക്ഷീര കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവരുടെ പ്രതിസന്ധി പരിഹരിക്കാൻ തയാറാകുകയും പുതുതലമുറയെ ഈ രംഗത്തേക്ക് കൊണ്ടുവരാനും കഴിയണമെന്ന് പുതുശേരി ആവശ്യപ്പെട്ടു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ ക്ഷീര കർഷകനും അടൂർ മേലൂട് ക്ഷീരസംഘം പ്രസിഡന്റുമായ എ.പി. ജയൻ, അജയ് ഫാം ഉടമ അജയ്കുമാർ വല്ല്യുഴത്തിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ. സെൻസി മാത്യു ക്ലാസ് നയിച്ചു.
ക്ഷീരവികസന വകുപ്പ്മുൻ അസിസ്റ്റന്റ് ഡയറക്ടർ എം. അയൂബ്, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി ജി. വിശാഖൻ, സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, കർഷക പ്രതിനിധികളായ സി. പി. ജോയിക്കുട്ടി, കെ.കെ. മോഹനൻ, കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.