വിതുര: പമ്പയാറിലെ ഒഴുക്കിൽപ്പെട്ട് കാണാതായ തൊളിക്കോട് പുളിമൂട് മുഹമ്മദ് അനസി(31)ന്റെ മൃതദേഹം പതിനഞ്ചു ദിവസങ്ങൾക്കു ശേഷം കണ്ടെത്തി. ഇയാൾ ഒഴുക്കിൽപ്പെട്ടതിന് അല്പം മാറി ആറ്റിൽ മൃതദേഹം പൊന്തുകയായിരുന്നു.
ഈ മാസം 13ന് പമ്പയാറ്റിലെ കാഞ്ഞീറ്റുകര മൂഴിക്കൽ കടവിനും തോട്ടാവള്ളിൽ കടവിനും ഇടയിൽ കുളിക്കാനിറങ്ങവെയാണ് അനസ് ഒഴുക്കിൽപ്പെട്ടത്. കനത്ത മഴയിൽ ആറ് കരകവിഞ്ഞൊഴുകിയതിനാൽ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും അടിയൊഴുക്കും അടിത്തട്ടിലെ പാറക്കെട്ടുകളും തടസമായി. മലഞ്ചരക്ക് വ്യാപാരിയായ അനസ് മൊത്ത വിലയ്ക്ക് അടയ്ക്ക,ചക്ക,റംബൂട്ടാൻ, മാങ്ങ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനായാണ് പത്തനംതിട്ട അയിരൂരിൽ എത്തിയത്.
അടയ്ക്ക ശേഖരിച്ച ശേഷം 13 ന് വൈകീട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാന്‍ ഇറങ്ങിയത്. ഇരുത്തലമുക്ക് അനസ് മൻസിലിൽ വഹാബിന്റെയും സൈഫുന്നിസയുടെയും മകനാണ്.സജിലയാണ് ഭാര്യ. ആറും രണ്ടും വയസുള്ള മക്കളുണ്ട്.
Tags :