ആലത്തൂർ: ആലത്തൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള നെല്ല് സംഭരണത്തിന് തുടക്കമായി. കാട്ടുശേരി പ്ലാക്കപ്പറമ്പ് രുഗ്മിണിയുടെ പക്കൽനിന്ന് നെല്ല് സംഭരിച്ച് കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഭരിച്ച നെല്ല് അളന്ന് തിട്ടപ്പെടുത്തി രശീതും എംഎൽഎ തന്നെ കൈമാറി.
ഉച്ചയോടെ ബാങ്കിലെത്തി വിലയും രുഗ്മിണിയമ്മ കൈപ്പറ്റി. നെല്ല്സംഭരണത്തെ ചിലർ അട്ടിമറിച്ചപ്പോഴാണ് ആലത്തൂർ സർവീസ് സഹകരണബാങ്ക് സഹകരണ ബദലുമായി മുന്നോട്ടുവന്നത്. കേന്ദ്രസർക്കാർ നിശ്ചയിച്ച 23.69 രൂപ വർധിപ്പിച്ച് 24.50 രൂപയ്ക്കാണ് ബാങ്ക് നെല്ല് എടുക്കുന്നത്.
വാഹനങ്ങൾ കടന്നുചെല്ലുന്ന കർഷകരുടെ വീടുകളിൽ നിന്നും സപ്ലൈകോ നിഷ്കർഷിക്കുന്നതരം നെല്ല് മാത്രമാണ് സംഭരിക്കുക. സംഭരിച്ച നെല്ല് അളന്ന് ഉടൻ രശീത് നൽകും. രശീതുമായി എപ്പോൾ ബാങ്കിലെത്തിയാലും പൈസ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സി. രാജൻ അധ്യക്ഷനായി.
ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ബ്ലിസൺ സി. ഡേവിസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.ജി. ഉണ്ണികൃഷ്ണൻ, ബാങ്ക് സെക്രട്ടറി പി. ശാമിനി, വൈസ് പ്രസിഡന്റ് ആർ. വിനോദ്, പി. വേണുഗോപാലൻ പ്രസംഗിച്ചു.
Tags : Bank's paddy nattuvishesham local news