മാനന്തവാടി: തിരുനെല്ലി ഗവ. ആശ്രമം സ്കൂളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട വകുപ്പ് മന്ത്രി ഒ.ആർ. കേളു സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി കോണ്ഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
തിരുനെല്ലി ആശ്രമം സ്കൂളിൽ ക്ലാസ് മുറികളിൽ വിദ്യാർഥികളെ താമസിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രിക്ക് ധാർമികതയുണ്ടെങ്കിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മക്കിമലയിൽ നിർമാണം തുടങ്ങിയ കെട്ടിടം പണി പൂർത്തിയാക്കി ആശ്രമം സ്കൂളിന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റണമെന്ന് ആദിവാസി കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ആദിവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. ബാലൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം.ജി. ബിജു, ആദിവാസി കോണ്ഗ്രസ് നേതാക്കളായ അനന്തൻ അന്പലക്കുന്ന്, മീനാക്ഷി രാമൻ, ടി.കെ. ഗോപി, വി.ആർ. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.