സൂപ്പർമാൻ; രഞ്ജി ട്രോഫി ക്വാർട്ടറിൽ സൽമാൻ നിസാറിന്റെ സെഞ്ചുറിയിലൂടെ കേരളത്തിന് ഒരു റണ്‍ ലീഡ്
Tuesday, February 11, 2025 3:41 AM IST
പൂന: മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച സൂപ്പർമാനായി സൽമാൻ നിസാർ. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ ജമ്മു കാഷ്മീരിന് എതിരേയാണ് സെഞ്ചുറിയിലൂടെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സൽമാൻ സമ്മാനിച്ചത്. 172 പന്തിൽ നാലു സിക്സും 12 ഫോറും അടക്കം 112 റണ്‍സുമായി സൽമാൻ നിസാർ പുറത്താകാതെനിന്നു.
![](/Newsimages/Salman_Nizar_2025feb11.jpg)
നിലവിലെ ചാന്പ്യന്മാരായ മുംബൈയെ ലീഗ് റൗണ്ടിൽ കീഴടക്കിയ കരുത്തുമായെത്തിയ ജമ്മു കാഷ്മീരിനെതിരേ ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങുമെന്ന അവസ്ഥയിൽനിന്നായിരുന്നു സൽമാൻ കരകയറ്റിയത്. രണ്ടാംദിനം അവസാനിച്ചപ്പോൾ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 200 റണ്‍സായിരുന്നു കേരളത്തിന്റെ അക്കൗണ്ടിൽ. ജമ്മു കാഷ്മീരിന്റെ ഒന്നാം ഇന്നിംഗ്സ് 280 റണ്‍സും. അതായത് മൂന്നാംദിനം ഒരു വിക്കറ്റ് മാത്രം ശേഷിക്കേ കേരളം 80 റണ്‍സ് പിന്നിൽ. 49 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന സൽമാൻ നിസാറിലായിരുന്നു കേരളത്തിന്റെ ഏക പ്രതീക്ഷ.
സെമിയുടെ വക്കിൽ
ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയതോടെ സെമി ഫൈനലിലേക്കു മുന്നേറാനുള്ള കേരള സാധ്യത വർധിച്ചു. മത്സരം സമനിലയിൽ കലാശിച്ചാൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ സെമിയിലേക്കു മുന്നേറാം.
മത്സരം ഇന്നത്തേത് ഉൾപ്പെടെ രണ്ടുദിനം ശേഷിക്കേ, ജമ്മു കാഷ്മീർ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിലാണ് മൂന്നാംദിനം അവസാനിപ്പിച്ചത്. നാലാംദിനമായ ഇന്ന് ജമ്മു കാഷ്മീരിനെ വൻലീഡ് നേടാൻ അനുവദിക്കാതെ പുറത്താക്കുകയും ശ്രദ്ധയോടെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് വീശുകയും ചെയ്താൽ കേരളത്തിനു സെമിയിലെത്താം.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 78 റണ്‍സ് എന്ന നിലയിൽനിന്നാണ് മൂന്നാംദിനമായ ഇന്നലെ ജമ്മു കാഷ്മീർ 180/3 എന്ന സ്കോറിൽ മത്സരം അവസാനിപ്പിച്ചത്. ക്യാപ്റ്റൻ പരാസ് ജോഗ്ര (73 നോട്ടൗട്ട്), കനയ്യ വാധവാൻ (42 നോട്ടൗട്ട്) എന്നിവരാണ് ക്രീസിൽ. ഇരുവരും നാലാം വിക്കറ്റിൽ 102 റണ്‍സ് നേടിക്കഴിഞ്ഞു.
സൽമാൻ-ബേസിൽ
11-ാം നന്പർ ബാറ്ററായ ബേസിൽ തന്പിയെ ഒരുവശത്ത് നിർത്തി, പരമാവധി പന്തുകൾ സ്വയം നേരിട്ടായിരുന്നു സൽമാൻ കേരളത്തെ ലീഡിലേക്കു നയിച്ചത്. അതേസമയം, പന്ത് നേരിടാൻ ലഭിച്ച അവസരങ്ങളിൽ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ബേസിൽ തന്പിയും ശ്രദ്ധിച്ചു.
35 പന്തിൽ 15 റണ്‍സുമായി സൽമാൻ നിസാറിന് ഉറച്ച പിന്തുണ നൽകിയ ബേസിൽ തന്പി പുറത്തായതോടെ കേരള ഇന്നിംഗ്സ് അവസാനിച്ചു. ഇന്നിംഗ്സിലെ 85-ാം ഓവറിന്റെ അഞ്ചാം പന്തിൽ സിംഗിളിലൂടെ ഒരു റണ്‍ ലീഡ് നേടി സൽമാൻ സ്ട്രൈക്ക് കൈമാറിയതിന്റെ തൊട്ടടുത്ത പന്തിലായിരുന്നു ബേസിൽ തന്പി പുറത്തായത്.
ജമ്മു കാഷ്മീരിനായി ഔഖിബ് നബി 27 ഓവറിൽ 53 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. യുദ്ധ്വീർ സിംഗും സാഹിൽ ലോത്രയും രണ്ടു വിക്കറ്റ് വീതം നേടി.