ലങ്കയിൽ കംഗാരുക്കരുത്ത്
Saturday, February 8, 2025 1:41 AM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുന്പോൾ 73 റണ്‍സ് ലീഡോടെ 330ന് മൂന്ന് എന്ന ശക്തമായ നിലയിലാണ് കങ്കാരുപ്പട.
91ന് മൂന്ന് എന്ന നിലയിൽ പതറിയ ഓസീസിനെ പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 36-ാം സെഞ്ചുറിയുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (120), അലക്സ് കാരെ (139) എന്നിവരാണ് ആധിപത്യം നേടിക്കൊടുത്തത്.
239 റണ്‍സിന്റെ പാർട്ണർഷിപ്പ് ഇരുവരും പടുത്തുയർത്തി. ഓപ്പണർ ട്രാവിസ് ഹെഡ് (21), ഉസ്മാൻ ഖ്വാജ (36), മാർനസ് ലബൂഷെയ്ൻ (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്കോർ: ശ്രീലങ്ക: 257. ഓസ്ട്രേലിയ: 330/3.
രണ്ടാം ദിനം 229/9 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 28 റണ്‍സ് കൂട്ടിച്ചേർത്തു. ദിനേശ് ചാണ്ടിമൽ (74), കുശാൽ മെൻഡിസ് (85) എന്നിവരാണ് ലങ്കയ്ക്കായി പൊരുതിയത്.
നന്പർ 5 സ്മിത്ത്
കരിയറിലെ 36-ാം സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്ത്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള ബാറ്റർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംനേടി. രാഹുൽ ദ്രാവിഡ്, ജോ റൂട്ട് എന്നിവർക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിടുകയാണ് സ്മിത്ത്.
ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ (51) ആണ് ഒന്നാം സ്ഥാനത്ത്. ജാക് കല്ലിസ് (45), റിക്കി പോണ്ടിംഗ് (41), കുമാർ സംഗാക്കര (38) എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.