ആ ശങ്ക മാറട്ടെ... ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്
Sunday, February 9, 2025 3:48 AM IST
കട്ടക്ക്: ആറു വർഷത്തിനുശേഷം കട്ടക്കിലെ ബരാബതി സ്റ്റേഡിയം രാജ്യാന്തര ഏകദിന ക്രിക്കറ്റിനു വേദിയാകുന്പോൾ ഇന്ത്യൻ ടീമിൽ ആശങ്കകളുടെ കാർമേഘത്തിനു കുറവില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനായാണ് ടീം ഇന്ത്യ കട്ടക്കിലെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടുകളിൽ ഒന്നാണ് ബരാബതി. ഇവിടെ ഇന്ത്യ ഇതുവരെ 19 മത്സരങ്ങൾ കളിച്ചു, 13 ജയം സ്വന്തമാക്കി. 2003നുശേഷം ഇന്ത്യ ഇവിടെ തോൽവി അറിഞ്ഞിട്ടില്ല. ന്യൂസിലൻഡാണ് കട്ടക്കിൽ ഇന്ത്യയെ അവസാനം കീഴടക്കിയ ടീം. ഇംഗ്ലണ്ട് ഈ സ്റ്റേഡിയത്തിൽ ആറു മത്സരങ്ങൾ കളിച്ചു, മൂന്നു ജയം നേടി.
നാഗ്പുരിൽ നടന്ന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇന്നും ജയിച്ച് മൂന്നു മത്സര പരന്പര സ്വന്തമാക്കി ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള തയാറെടുപ്പ് ഗംഭീരമാക്കാനാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ലക്ഷ്യം.
മുഹമ്മദ് ഷമി തിരിച്ചെത്തിയതോടെ ഇന്ത്യൻ പേസ് ആക്രമണം നാഗ്പുരിൽ മികച്ചതായിരുന്നു. പരിക്കിനെത്തുടർന്നു പുറത്തുള്ള ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ പൂർണ കരുത്തിലേക്കെത്തിക്കുന്നില്ല എന്നതും ശ്രദ്ധേയം.
കോഹ്ലി എത്തും, പക്ഷേ...
പരിക്കിനെത്തുടർന്ന് പരന്പരയിലെ ആദ്യ മത്സരത്തിൽനിന്നു വിട്ടുനിന്ന സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഇന്നു പ്ലേയിംഗ് ഇലവനിൽ ഉണ്ടാകും എന്നാണ് സൂചന. വലതു കാൽമുട്ടിനേറ്റ പരിക്കായിരുന്നു കോഹ്ലിക്കു വിനയായത്. അതേസമയം, ചാന്പ്യൻസ് ട്രോഫിക്ക് ഇനി 10 ദിനങ്ങൾ മാത്രം അകലമുള്ളപ്പോൾ കോഹ്ലിയുടെ ആരോഗ്യം ആശങ്കയ്ക്കു വകയായിട്ടുണ്ട്.
ഓസ്ട്രേലിയയിലെ ടെസ്റ്റ് പരന്പരയിൽ സ്ഥിരമായി ലീഡിംഗ് എഡ്ജായി പുറത്തായ കോഹ്ലിയുടെ ബാറ്റിംഗ് ഫോമും ആശങ്കയ്ക്കു കാരണമാണ്. ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം രഞ്ജി ട്രോഫിയിൽ ഇറങ്ങിയപ്പോഴും കോഹ്ലിക്കു ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതേസമയം, സച്ചിൻ തെണ്ടുൽക്കർ, കുമാർ സംഗക്കാര എന്നിവർക്കുശേഷം ഏകദിനത്തിൽ 14,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് കോഹ്ലിക്ക് 94 റണ്‍സിന്റെ അകലം മാത്രമാണുള്ളതെന്നതും ശ്രദ്ധേയം.
പിച്ചിന്റെ സ്വഭാവം
സ്പിന്നിനെ പിന്തുണയ്ക്കുന്ന, പേസ് ബൗളർമാർക്ക് ബൗണ്‍സ് നൽകുന്നതാണ് ബാരാബതിയിലെ പിച്ചിന്റെ ഇതുവരെയുള്ള സ്വഭാവം.
2019 ഡിസംബറിൽ ഇന്ത്യ x വെസ്റ്റ് ഇൻഡീസ് മത്സരമായിരുന്നു ഇവിടെ അവസാനം നടന്ന ഏകദിനം. ചേസ് ചെയ്യുന്ന ടീമുകളാണ് ഇവിടെ കൂടുതൽ ജയം സ്വന്തമാക്കിയത്. ആകെ നടന്ന 19 മത്സരങ്ങളിൽ 12 ജയം ചേസ് ചെയ്ത ടീമുകൾക്കായിരുന്നു.
ജയ്സ്വാൾ ഔട്ട്? രോഹിത് ഫോം
കോഹ്ലി പ്ലേയിംഗ് ഇലവനിലേക്കു തിരിച്ചെത്തുന്പോൾ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സ്ഥാനത്തിന് ഇളക്കം തട്ടാനാണ് സാധ്യത. കോഹ്ലിയുടെ അഭാവത്തിൽ നാഗ്പുർ ഏകദിനത്തിൽ ഇറങ്ങിയ ശ്രേയസ് അയ്യർ 36 പന്തിൽ 59 റണ്‍സ് നേടിയതാണ് ഇതിന്റെ കാരണം. ശ്രേയസിനെ നിലനിർത്താൻ തീരുമാനിച്ചാൽ, ജയ്സ്വാൾ പുറത്തിരിക്കുകയും രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണിംഗിന് ഇറങ്ങുകയും ചെയ്യും.
രോഹിത് ശർമയുടെ ഫോമും ഇന്ത്യയുടെ ആശങ്കകളിൽ ഒന്നാണ്. നാഗ്പുരിൽ വെറും രണ്ടു റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സന്പാദ്യം. ഓസ്ട്രേലിയൻ പര്യടനത്തിലും തുടർന്ന് രഞ്ജി ട്രോഫിയിലും രോഹിത് റണ്‍ കണ്ടെത്താൻ വിഷമിച്ചിരുന്നു.