ഓസീസിനു വൻതിരിച്ചടി; കമ്മൻസും ഹെയ്സൽവുഡും ഇല്ല, സ്റ്റോയിനിസ് വിരമിച്ചു
Friday, February 7, 2025 2:11 AM IST
ദുബായ്: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനിറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് അവസാന നിമിഷം തിരിച്ചടി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവർ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്നു പിന്മാറി.
ഇതോടെ ബൗളിംഗ് നിര ദുർബലമായതോടൊപ്പം ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത് കൂടുതൽ തിരിച്ചടിയായി. മിച്ചൽ മാർഷ് പരിക്കിനെത്തുടർന്ന് ചാന്പ്യൻസ് ട്രോഫിയിൽനിന്ന് നേരത്തേ പിന്മാറിയിരുന്നു. ഇതോടെ ഇവർക്കു പകരക്കാരായി ഓസീസിന് പതിനഞ്ചംഗ ടീമിൽ നാല് താരങ്ങളെ ഉൾപ്പെടുത്തണം.
ഇന്ത്യക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ പരിക്കേറ്റ കമ്മിൻസ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിൽ കളിക്കുന്നില്ല. ലോകകപ്പ് അടക്കം രാജ്യത്ത് എത്തിച്ച മികച്ച ഫോമിലുള്ള കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ടീമിനെ നയിക്കും. ഗ്രൂപ്പ് ബിയിലുള്ള ഓസീസിന്റെ ആദ്യ മത്സരം 22ന് ഇംഗ്ലണ്ടിനെതിരേയാണ്. പന്ത്രണ്ടിനാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി.
ടീം ഓസ്ട്രേലിയ: അലക്സ് ക്യാരി, നഥാൻ എലിസ്, ആരോണ്‍ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോട്ട്, സ്റ്റീവൻ സ്മിത്, മിച്ചൽ സ്റ്റാർക്, ആദം സാന്പ. (ഇവർക്കൊപ്പം പകരക്കാരായി നാല് കളിക്കാർകൂടി ഉൾപ്പെടും).
സ്റ്റോയിനിസ് സ്റ്റോപ്
ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസ് ഏകദിന ഫോർമാറ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. 19ന് ആരംഭിക്കുന്ന ചാന്പ്യൻസ് ട്രോഫി ടീമിലുൾപ്പെട്ട സ്റ്റോയിനിസിന്റെ വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. 71 ഏകദിനങ്ങളിൽ കംഗാരുക്കൾക്കായി കളിച്ചിട്ടുള്ള താരം ട്വന്റി20ൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായാണ് ഏകദിനത്തിൽനിന്നു വിരമിച്ചത്.
71 ഏകദിനങ്ങളിൽനിന്നായി 26.69 ശരാശരിയിൽ 1495 റണ്‍സാണ് സ്റ്റോയിനിസിന്റെ സന്പാദ്യം. 2017ൽ ന്യൂസിലൻഡിനെതിരേ നേടിയ 146 റണ്‍സാണ് ഉയർന്ന സ്കോർ. 48 വിക്കറ്റുകളും ഓസീസിനായി നേടി.