ഒളിന്പിക്സ് ആതിഥേയത്വം: ഇന്ത്യ സന്നദ്ധത അറിയിച്ചു
Saturday, February 8, 2025 1:41 AM IST
ന്യൂഡൽഹി: ഒളിന്പിക്സിനും കോമണ്‍വെൽത്ത് ഗെയിംസിനും ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത അന്താരാഷ്ട്ര സമിതികളെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ.
2036ലെ ഒളിന്പിക്സിനും പാരാലിന്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം വ്യക്തമാക്കുന്ന കത്ത് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ടെന്നു സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി.
കോമൺവെൽത്ത് ഗെയിംസ്
അതിനിടെ, കോമണ്‍വെൽത്ത് ഗെയിംസ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കോമണ്‍വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ക്രിസ് ജെൻകിൻസ് രാജ്യത്തെ വിവിധ സംഘടനാ മേധാവികളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തി.
2030 കോമണ്‍വെൽത്ത് ഗെയിംസിന്റെ ആതിഥേയനഗരങ്ങളാകുമെന്നു കരുതുന്ന അഹമ്മദാബാദും ഭുവനേശ്വറും സന്ദർശിച്ച ജെൻകിൻസ് കേന്ദ്രമന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
ദേശീയ ഗെയിംസ് നടക്കുന്ന ഡെറാഡൂണിൽ ഐഒഎ പ്രസിഡന്റ് പി.ടി. ഉഷയുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. കോമണ്‍വെൽത്ത് ഗെയിംസിൽ ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക താത്പര്യം മാർച്ച് 31നകം സമർപ്പിക്കണമെന്ന് ജെൻകിൻസ് അറിയിച്ചതായാണ് സൂചന.