മെഡൽ നിറയ്ക്കാൻ അത്ലറ്റിക്സ് ടീം എത്തി
Friday, February 7, 2025 2:11 AM IST
ഡെറാഡൂണ്‍: കേരളത്തിന്റെ അക്കൗ ണ്ടിൽ മെഡലുകളുടെ എണ്ണം കൂട്ടാൻ അത്ലറ്റിക്സ് ടീം ഡെറാഡൂണിലെത്തി. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നിനാണ് പുരുഷ താരങ്ങൾ ഉൾപ്പെട്ട സംഘം ഡെറാഡൂണ്‍ ജോളി എയർപോർട്ടിൽ വിമാനം ഇറങ്ങിയത്.
വൈകുന്നേരം വനിതാ താരങ്ങളുടെ സംഘവുമായുള്ള വിമാനവും എത്തി. നെടുന്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ 6.10നായിരുന്നു ആദ്യ സംഘം പുറപ്പെട്ടത്.
ആകെയുള്ള 24 ഇനങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് കേരളം പങ്കെടുക്കുന്നത്. എട്ട് മുതലാണ് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുക. ഇന്ന് രാവിലെ കേരള താരങ്ങൾ പരിശീലനത്തിനിറങ്ങും. 52 താരങ്ങളും ആറു പരിശീലകരും ഏഴു മാനേജർമാരും അടക്കം 65 അംഗങ്ങളാണ് കേരളത്തിന്റെ അത്ലറ്റിക്സ് സംഘത്തിലുള്ളത്.
ദേശീയ ഗെയിംസുകളിൽ കേരളത്തിന്റെ മെഡൽ പട്ടിക ഉയർത്തിയിരുന്നത് അത്ലറ്റിക്സിലെ നേട്ടങ്ങളാണ്.
കഴിഞ്ഞ ഗോവൻ ഗെയിംസിൽ മൂന്ന് സ്വർണവും നാല് വെള്ളിയും ആറ് വെങ്കലവും അടക്കം 13 മെഡലുകളാണ് കേരളത്തിന്റെ അത്ലറ്റിക്സ് ടീം നേടിയത്. ഇത്തവണയും മെഡൽ നേട്ടം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഡെറാഡൂണിലെത്തിയിരിക്കുന്നത്.