മാസ് കേരള... ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ ഏഴ് മെഡൽ
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
Monday, February 10, 2025 12:18 AM IST
റിലേയിൽ കൈവിട്ടുപോയ വെള്ളി മെഡൽ എതിർ മത്സരാർഥികളുടെ പിഴവിൽ തിരികെ കിട്ടിയതുൾപ്പെടെ 38-ാമത് ദേശീയ ഗെയിംസിൽ ഇന്നലെ കേരളം വാരിക്കൂട്ടിയത് ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും അടക്കം ഏഴ് മെഡലുകൾ. ഡെക്കാത്തലണിൽ എൻ. തൗഫീഖ് കേരളത്തിന്റെ സുവർണ താരമായി.
പത്ത് ഇനങ്ങളുള്ള ഡെക്കാത്തലണിൽ 6915 പോയിന്റ് നേടിയാണ് തൗഫീഖ് സ്വർണമണിഞ്ഞത്. അവസാന ഇനമായ 1500 മീറ്ററിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ രാജസ്ഥാന്റെ യമൻ ദീപ് ശർമയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയതോടെ തൗഫീഖ് സ്വർണമുറപ്പിക്കുകയായിരുന്നു.
![](/Newsimages/muhammed_2025feb10.jpg)
വനിതാ ലോംഗ്ജംപിൽ സാന്ദ്ര ബാബു (6.12 മീറ്റർ), 4x100 റിലേയിൽ വനിതാ ടീം (47.04) എന്നിവർ വെള്ളിയണിഞ്ഞപ്പോൾ 4x100 മീറ്റർ റിലേയിൽ പുരുഷ ടീം 40.73 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി. 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ലസാൻ (14.23 സെക്കൻഡ്), 400 മീറ്റർ ഓട്ടത്തിൽ ടി.എസ്. മനു (47.08 സെക്കൻഡ്) എന്നിവരാണ് മറ്റു വെങ്കല ജേതാക്കൾ. അത്ലറ്റിക്സിനു പുറത്തുനിന്ന് ഫെൻസിംഗിലൂടെയും വെങ്കലം എത്തി. വനിതാ ഫെൻസിംഗിൽ അൽക്ക വി. സണ്ണിയും കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
ബാറ്റണേന്തിയ വെങ്കലം
വനിതാ റിലേയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത തമിഴ്നാടിനെ ബാറ്റണ് കൈമാറ്റത്തിലെ പിഴവിനെ തുടർന്ന് അയോഗ്യരാക്കിയതോടെ കേരളത്തിന്റെ വെങ്കലം വെള്ളിയായി മാറി. മത്സരത്തിന്റെ ആദ്യ ഫലത്തിൽ കേരളം മൂന്നാമതായിരുന്നു. ഇതിനു ശേഷമാണ് പിഴവ് ശ്രദ്ധയിൽപ്പെടുകയും റിസൾട്ട് പുനർ നിർണയം നടത്തുകയും ചെയ്തത്. ഇതേ കാരണത്താൽ കേരളത്തിനു പിന്നിൽ ഫിനിഷ് ചെയ്ത ഒഡീഷ, ഉത്തരാഖണ്ഡ് ടീമുകളെയും അയോഗ്യരാക്കി. കർണാടകയ്ക്കാണ് സ്വർണം.
ഓ സാന്ദ്ര
ആദ്യ രണ്ട് അവസരങ്ങൾ ഫൗൾ ആയെങ്കിലും മൂന്നാം ശ്രമത്തിൽ മികച്ച തിരുച്ചുവരവിലൂടെയായിരുന്നു സാന്ദ്രയുടെ വെള്ളി നേട്ടം. മൂന്നാം ചാട്ടത്തിൽ 6.12 മീറ്റർ ദൂരം ചാടി മെഡൽ ഉറപ്പിച്ചു. നാലാം അവസരം ഫൗൾ ആയി. തുടർന്നു നടത്തിയ രണ്ടു ശ്രമങ്ങളും പിഴച്ചു. 6.21 മീറ്റർ ചാടിയ വെസ്റ്റ് ബംഗാളിന്റെ മൗമിത മൊണ്ടാലിനാണ് സ്വർണം. 6.11 മീറ്റർ ചാടിയ ഉത്തർപ്രദേശിന്റെ ദീപാൻഷി സിംഗ് വെങ്കലം നേടി. ഗെയിംസിന്റെ 13-ാം ദിനം ആകെ 12 സ്വർണമുൾപ്പെടെ 41 മെഡലുകളുമായി കേരളം ഒന്പതാം സ്ഥാനത്തേക്കു കയറി.
ജ്യോതി യാരാജി റിക്കാർഡ്
അത്ലറ്റിക്സിൽ ഇന്നലെ നാലു റികാർഡ് പിറന്നു. വനിതാ 110 മീറ്റർ ഹർഡിൽസിൽ ആന്ധ്രാപ്രദേശിന്റെ ജ്യോതി യാരാജി ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിനും യോഗ്യത നേടി. പുരുഷ വിഭാഗത്തിൽ തേജസ് അശോക് ഷിർസെ, വനിതാ 400 മീറ്ററിൽ ഐശ്യര്യ മിശ്ര, പുരുഷ സ്പ്രിന്റ് റിലേയിൽ ഒഡീഷ ടീമും ഗെയിംസ് റികാർഡ് കുറിച്ചു.