സൗഹൃദത്തിനു വെങ്കലത്തിളക്കം
Sunday, February 9, 2025 3:48 AM IST
ഡെറാഡൂണ്‍: 13 വർഷം ഒന്നിച്ചു പരിശീലിച്ച്, ദേശീയ ഗെയിംസിൽ ആദ്യ മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശികളായ മൂവർ സംഘം. തായ്ക്വാണ്ടോ പുംസെ ഗ്രൂപ്പ് ഇനത്തിൽ കേരളത്തിനുവേണ്ടി വെങ്കലം നേടിയ എൻ.എം. കർണിക, ലയ ഫാത്തിമ, സി.കെ. സെബ എന്നിവരാണ് കഴിഞ്ഞ 13 വർഷമായി ഒന്നിച്ചു പരിശീലനം നടത്തുന്നത്. ലയയും സെബയും സഹോദങ്ങളാണ്.
ലയ, പുംസെ വ്യക്തിഗത ഇനത്തിൽ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു. കോഴിക്കോട് പാലാഴിയിലെ ബറ്റാലിയൻ തായ്ക്വാണ്ടോ അക്കാഡമിലാണ് മൂവരുടേയും പരിശീലനം.
കോച്ച് ഗോപിനാഥിന്റെ കീഴിൽ പരിശീലനം നടത്തുന്നതിനിടെ ആരംഭിച്ച സൗഹൃദം 13 വർഷത്തിനിപ്പുറം ദേശീയ ഗെയിംസ് മെഡൽ നേട്ടത്തിൽ എത്തി. സായ് എൻസിപിയിൽ സ്പോർട്സ് കൗണ്‍സിൽ കോച്ച് എസ്. ഷാജി, ഒളിന്പിക് അസോസിയേഷൻ കോച്ച് ബാലഗോപാൽ എന്നിവരാണ് മൂവരെയും ദേശീയ ഗെയിംസിനായി പരിശീലിപ്പിച്ചത്.