ലിയോണ്‍ @ 550
Sunday, February 9, 2025 3:48 AM IST
ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ 550 വിക്കറ്റ് തികച്ച് ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ നഥാൻ ലിയോണ്‍. ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദിനേശ് ചാണ്ഡിമാലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ലിയോണ്‍ ഈ നേട്ടം കൈവരിച്ചത്. ഓസീസിനായി 550 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത് ബൗളറാണ് ലിയോണ്‍. ഷെയ്ൻ വോണ്‍ (708), ഗ്ലെൻ മഗ്രാത്ത് (563) എന്നിവരാണ് ഈനേട്ടത്തിൽ ആദ്യമെത്തിയത്.
ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ലിയോണിന് മുന്നിൽ ആകെ ഏഴ് ബൗളർമാരാണുള്ളത്. മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോണ്‍ (704), ആൻഡേഴ്സണ് (704), അനിൽ കുംബ്ല (619), സ്റ്റുവർട്ട് ബ്രോഡ് (604), ഗ്ലെൻ മഗ്രാത്ത് (563). മുപ്പത്തേഴുകാരനായ ലിയോണിന് 14 വിക്കറ്റുകൾ കൂടി നേടിയാൽ മഗ്രാത്തിനെ മറികടക്കാം.
ഗാലെയുടെ സ്വന്തം; ഏഷ്യൻ കിംഗ്
ലിയോണിന്റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയുടെ തുടക്കം കുറിച്ച സ്റ്റേഡിയം കൂടിയാണ് ഗാലെ. അരങ്ങേറ്റ ടെസ്റ്റ് 2011ൽ ശ്രീലങ്കയ്ക്കെതിരേ ഇവിടായിരുന്നു. ലങ്കൻ ബാറ്റിംഗ് നിരയുടെ നെടുംതൂണായ സംഗാക്കരയുടെ വിക്കറ്റ് വീഴ്ത്തി കരിയറിന് തുടക്കമിട്ട ലിയോണ്‍ അതേ സ്റ്റേഡിയത്തിൽ തന്നെ 550 വിക്കറ്റും തികച്ചു.
ഏഷ്യൻ പിച്ചിൽ 150 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഏഷ്യക്കാരനല്ലാത്ത ബൗളറാണ് ലിയോണ്‍. 11 പ്രാവശ്യം നാല് വിക്കറ്റും ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഏഷ്യൻ പിച്ചിൽ നേടി. 127 വിക്കറ്റ് നേടിയ ഷെയ്ൻ വോണാണ് ലിയോണിന് പിന്നിൽ.
രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. സ്റ്റീവ് സ്മിത്ത് (131), അലക്സ് കാരെ (156) എന്നിവരുടെ ഇന്നിംഗ്സിലൂടെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 414 റൺസ് നേടി. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 257ൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ലങ്ക, മൂന്നാംദിനം അവസാനിച്ചപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലായിരുന്നു. ലിയോൺ മൂന്നും മാത്യു ഖുനെമൻ നാലും വിക്കറ്റ് വീതം വീഴ്ത്തി.