ഡബിൾ ജംപ് ; വനിതാ ട്രിപ്പിൾജംപിൽ കേരളത്തിന് ഇരട്ട മെഡൽ
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
Tuesday, February 11, 2025 3:41 AM IST
38-ാമത് ദേശീയ ഗെയിംസിലെ അത്ലറ്റിക് മത്സരങ്ങളുടെ മൂന്നാം ദിനത്തിൽ കേരളത്തിന്റെ മാനത്തിനു മേൽ തിങ്കൾ തെളിഞ്ഞില്ല. എട്ട് ഫൈനലുകൾ നടന്ന തിങ്കളാഴ്ച ട്രിപ്പിൽജംപ് പിറ്റിൽ പിറന്ന രണ്ട് മെഡലുകൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ മാനം റായ്പുരിലെ തണത്ത കാലാവസ്ഥയിൽ ഉറഞ്ഞുപോകുമായിരുന്നു. സ്വർണം തൊടാനായില്ലെങ്കിലും വെള്ളിയും വെങ്കലവും നേടി എൻ.വി. ഷീനയും സാന്ദ്രാ ബാബും കേരളത്തിന്റെ അഭിമാനം കാത്തു.
ഡബിൾ സാന്ദ്ര
കേരളം മത്സരിച്ച നാല് ഫൈനൽ ഇനങ്ങളിൽ മെഡൽ പിറന്നത് ട്രിപ്പിൾജംപിൽ മാത്രം. അവസാന അവസരത്തിൽ 13.19 മീറ്റർ ചാടി നിലവിലെ നാഷണൽ ഗെയിംസ് ചാന്പ്യനായ എൻ.വി. ഷീന വെള്ളി നേടിയപ്പോൾ 13.12 മീറ്ററിൽ സാന്ദ്ര ബാബു വെങ്കലം നേടി. ഇന്നലെ നടന്ന ലോംഗ്ജംപിൽ സാന്ദ്ര വെള്ളി നേടിയിരുന്നു. നാലാം ചാട്ടത്തിലാണ് സാന്ദ്ര വെങ്കലം ഉറപ്പിച്ചത്. സ്റ്റാർട്ടിംഗ് ലിസ്റ്റിൽ പേരുണ്ടായിരുന്ന മറ്റൊരു കേരള താരം ഗായത്രി ശിവകുമാർ മത്സരത്തിൽനിന്ന് പിൻമാറി. 13.37 മീറ്റർ താണ്ടിയ പഞ്ചാബിന്റെ നിഹാരിക വഷിഷ്ഠിനാണ് സ്വർണം.
അതേസമയം, പുരുഷന്മാരുടെ പോൾവോൾട്ടിൽ കേരളത്തിനുവേണ്ടി മത്സരിച്ച എ.കെ. സിദ്ധാർഥ് ആദ്യ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു പുറത്തായി.
റിലേ പോയി
പുരുഷ, വനിത റിലേ ഉൾപ്പെടെ ഇന്നലെ നാല് ഫൈനലുകളിൽ മാത്രമാണ് കേരളം മത്സരിച്ചത്. മൂന്നിലും നിരാശയായിരുന്നു ഫലം. മെഡൽ ഉറപ്പിച്ചിരുന്ന 4x400 മീറ്റർ റിലേയിൽ വനിതകൾ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ പുരുഷ ടീം ആറാമതായി. വനിതകളുടെ റിലേയുടെ ആദ്യ റൗണ്ടിൽ വെങ്കല പ്രതീക്ഷയുണ്ടായിരുന്നു. 3.48:57 സെക്കൻഡിലാണ് കേരളം മത്സരം പൂർത്തിയാക്കിയത്. പഞ്ചാബ് സ്വർണം നേടിയപ്പോൾ കർണാടക വെള്ളിയും ഹരിയാണ വെങ്കലവും നേടി.
പുരുഷന്മാരുടെ റിലേയിൽ ശക്തമായ മത്സരം നടന്നെങ്കിലും രണ്ടാം താരത്തിന് ബാറ്റണ് കൈമാറിയപ്പോൾ പിഴച്ചു. ഇവിടെ അഞ്ചാമതായിപ്പോയ കേരള താരത്തിന് പിന്നെ മുന്നേറാനായില്ല. മത്സരം അവസാനിക്കുന്പോൾ ഹരിയാണയ്ക്കും പിന്നിലായി ആറാമതായാണ് കേരളം ഫിനിഷ് ചെയ്തത്. തമിഴ്നാടിനാണ് സ്വർണം.
800ൽ പ്രതീക്ഷ
പുരുഷ വിഭാഗം 800 മീറ്ററിൽ കേരളത്തിന്റെ ബിജോയ്, റിജോയ് എന്നിവർ ഫൈനലിനു യോഗ്യത നേടി. സർവീസസിന്റെ മലയാളി താരം മുഹമ്മദ് അഫ്സലും ഫൈനലിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗം 800 മീറ്ററിൽ കേരളത്തിന്റെ പ്രസില്ല ഡാനിയേൽ ഫൈനലിലെത്തി. ഇന്നാണ് ഫൈനൽ.