രഞ്ജി ട്രോഫി ക്വാർട്ടർ : നിധീഷ് ഫിഫർ
Sunday, February 9, 2025 3:48 AM IST
പൂന: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ എം.ഡി. നിധീഷിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ജമ്മു കാഷ്മീരിനെതിരേ ആദ്യദിനം കേരളത്തിന്റെ ഭേദപ്പെട്ട പ്രകടനം.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ജമ്മു കാഷ്മീർ ആദ്യദിനം അവസാനിക്കുന്പോൾ 86 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 228 റണ്‍സ് എടുത്തു. 23 ഓവറിൽ 56 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ നിധീഷാണ് ജമ്മു കാഷ്മീർ ഇന്നിംഗ്സിനു കടിഞ്ഞാണിട്ടത്.
മുംബൈക്കു തനുഷ്, ഷാംസ്
മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ തനുഷ് കൊടിയൻ (85 നോട്ടൗട്ട്), ഷാംസ് മുലാനി (91) എന്നീ വാലറ്റക്കാരുടെ ബാറ്റിംഗ് കരുത്തിൽ ഹരിയാനയ്ക്കെതിരേ മുംബൈ ഭേദപ്പെട്ട സ്കോറിലെത്തി. ആദ്യദിനം അവസാനിച്ചപ്പോൾ മുംബൈ 81 ഓവറിൽ 278/8 എന്ന സ്കോറിലെത്തി.
കരുണിനു സെഞ്ചുറി
കരുണ്‍ നായറിന്റെ (100 നോട്ടൗട്ട്) സെഞ്ചുറി ബലത്തിൽ തമിഴ്നാടിനെതിരായ ക്വാർട്ടറിൽ വിദർഭ മികച്ച നിലയിൽ. ആദ്യദിനം മത്സരം അവസാനിക്കുന്പോൾ വിദർഭ ആറു വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എടുത്തു.