ദേശീയ ഗെയിംസിൽ അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം കുറിക്കും
Saturday, February 8, 2025 1:41 AM IST
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ശൈത്യം നിറഞ്ഞ പകലുകൾക്ക് ആറു നാൾ ഇനി ചൂടേറും. 38-ാം ദേശീയ ഗെയിംസിൽ കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അത്ലറ്റിക് ഇനങ്ങൾക്കു മഹാറാണ പ്രതാപ്സിംഗ് സ്പോർട്സ് കോളജിലെ ഗംഗാ സ്പോർട്സ് കോംപ്ലകിൽ ഇന്നാരംഭം.
രാവിലെ എട്ടിന് പുരുഷ വിഭാഗം 10,000 മീറ്റർ ഫൈനൽ ആരംഭിക്കുമെങ്കിലും കേരളം പങ്കെടുക്കുന്ന ആദ്യ ഇനം 8.40ന് അരങ്ങേറുന്ന വനിതകളുടെ 10,000 മീറ്ററാണ്. കേരളം മെഡൽ പ്രതീക്ഷിക്കുന്ന വനിതകളുടെ പോൾവോൾട്ടും ഇന്നുച്ചയ്ക്കു ശേഷം നടക്കും.
കേരളത്തിന്റെ മരിയ ജയ്സണും കൃഷ്ണ രചനുമാണ് പോൾവോൾട്ടിൽ കേരളത്തിനായി മത്സരിക്കുന്നത്. സ്കൂൾ മീറ്റുകളിൽ പോൾവോൾട്ടിൽ തുടങ്ങിയ മരിയ പിന്നീട് ലോംഗ്ജംപിലേക്ക് തിരിഞ്ഞെങ്കിലും വീണ്ടും പോൾവോൾട്ടിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. കൃഷ്ണ ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച താരമാണ്. ഇരുവരും ബംഗളൂരുവിൽ കോച്ച് ബിനീഷ് ജേക്കബിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം.
ലോംഗ്ജംപിൽ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ റിക്കാർഡ് നേടിയ സി.വി. അനുരാഗ് ആണ് ഇന്നു മത്സരിക്കാനിറങ്ങുന്ന മറ്റൊരു പ്രധാന താരം. കഴിഞ്ഞ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക്സിൽ സ്വർണം നേടിയതാണ് അനുരാഗിൽ പ്രതീകയുണർത്തു ന്നത്. ഡിസ്കസ്ത്രോയിൽ അലക്സ് പി. തങ്കച്ചനും വനിതകളുടെ 10,000 മീറ്ററിൽ റീജ അന്ന ജോർജും ഇന്നിറങ്ങും.
ഇന്റർ യൂണിവേഴ്സിറ്റിയിൽ ദേശീയ റിക്കാർഡ് കുറിച്ച താരമാണ് അലക്സ്. 400 മീറ്ററിൽ യോഗ്യത തേടി പുരുഷ വിഭാഗത്തിൽ ടി.എസ്. മനുവും വനിതാ വിഭാഗത്തിൽ കെ. സ്നേഹയും ഇന്നിറങ്ങും.
51 പേരടങ്ങുന്ന സംഘമാണ് കേരളത്തിനുവേണ്ടി മത്സരിക്കുന്നത്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, ശ്രീശങ്കർ, അനീസ്, ആൻസി സോജൻ തുടങ്ങിയ വന്പൻ പേരുകളൊന്നും ഇത്തവണയില്ല.
ദേശീയ ടീമുകളിൽ മത്സരിക്കുന്ന താരങ്ങൾക്ക് ഓഫ് സീസണ് ആയതുകൊണ്ടാണ് താരങ്ങളുടെ കുറവ്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസിൽ അത്ലറ്റിക്സിൽ കേരളത്തിന്റെ നേട്ടം.