മാഴ്സലോ ബൂട്ടഴിച്ചു
Friday, February 7, 2025 2:11 AM IST
റിയോ ഡി ജനീറോ: റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും മുൻ പ്രതിരോധ താരം മാഴ്സലോ വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയാറുകാരനായ മാഴ്സലോ സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണു വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ട്രോഫി നേട്ടങ്ങളുടെ കാര്യത്തിൽ മാഴ്സലോയുടെ 19 വർഷത്തെ ഫുട്ബോൾ കരിയർ വൻ നേട്ടങ്ങളുടേതാണ്. ആകെ 31 ട്രോഫികളാണു സ്വന്തമാക്കിയത്. റയലിനൊപ്പം അഞ്ച് ചാന്പ്യൻസ് ലീഗ്, ആറു ലാ ലിഗ, രണ്ടു കോപ്പ ഡെൽ റേ എന്നിവയിൽ മുത്തമിട്ടു.
2007 ജനുവരിയിൽ ബ്രസീലിയൻ ക്ലബ് ഫ്ളുമിനെൻസിൽനിന്നാണ് 18-ാം വയസിൽ മാഴ്സലോണ റയലിലെത്തുന്നത്.
2022ൽ ബർണാബു വിട്ടു പോകുന്പോൾ ക്ലബ്ബിന്റെ 120 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ കളിക്കാരനെന്ന റിക്കാർഡിൽ താരമെത്തി. ക്ലബ്ബിനൊപ്പം 25 ട്രോഫികളാണ് സ്വന്തമാക്കിയത്. റയലിനായി 546 മത്സരങ്ങളിൽനിന്ന് 38 ഗോളുകളും 83 അസിസ്റ്റുകളുമുണ്ട്.
2021-22 സീസണിൽ സെർജിയോ റാമോസ് ക്ലബ് വിട്ടതോടെ മാഴ്സലോ റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനായി. 1904നുശേഷം ആദ്യമായാണ് റയലിന് ഒരു വിദേശി റയലിന്റെ ക്യാപ്റ്റനാകുന്നത്.
2022ൽ റയൽ ചാന്പ്യൻസ് ലീഗ് ജേതാക്കാളായതിനു പിന്നാലെ മാഡ്രിഡ് വിട്ട താരം ഗ്രീക്ക് ക്ലബ് ഒളിന്പിയാക്കസിനായി 10 മത്സരങ്ങളിൽ ഇറങ്ങി. 2023 ഫെബ്രുവരിയിൽ ക്ലബ്ബുമായി കരാർ അവസാനിപ്പിച്ച ഈ ലെഫ്റ്റ് ബാക്ക് പിന്നീട് ബാല്യകാല ക്ലബ് ഫ്ളുമിനെൻസിൽ തിരിച്ചെത്തി.
ആ വർഷം ക്ലബ്ബിനെ കോപ്പ ലിബർട്ടഡോറസ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 68 മത്സരങ്ങൾക്കുശേഷം 2024 നവംബറിൽ ഗ്രെമിയോയ്ക്കെതിരായ മത്സരത്തിനിടെ ഹെഡ് കോച്ച് മനോ മെനെസസുമായുള്ള തർക്കത്തെത്തുടർന്ന് ഫ്ളുമിനെൻസ് വിട്ടു.
ബ്രസീലിനായി 58 മത്സരങ്ങളിൽ ഇറങ്ങി. രണ്ടു ലോകകപ്പുകളിലും (2014, 2018) രണ്ട് ഒളിന്പിക്സുകളിലും (2008, 2012) കളിച്ചു. ബ്രസീൽ ജേതാക്കളായ 2013ലെ കോണ്ഫെഡറേഷൻ കപ്പിൽ അംഗമായിരുന്നു.