അഭിമാനമായി ഷീനയും സാന്ദ്രയും
Tuesday, February 11, 2025 3:41 AM IST
ഡെറാഡൂണ്‍: ട്രിപ്പിൾജംപിൽ എൻ.വി. ഷീനയും സാന്ദ്രാ ബാബുവും നേടിയ മെഡലുകൾ ഇല്ലായിരുന്നെങ്കിൽ ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന്റെ മെഡൽ പട്ടികയിൽ ചലനം ഉണ്ടാകില്ലായിരുന്നു. സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഷീന വെള്ളിയും സാന്ദ്ര വെങ്കലവുമാണ് നേടിയത്.
2015 കേരള ഗെയിംസ്, 2022 അഹമ്മദാബാദ് ഗെയിംസ്, 2023 ഗോവ ഗെയിംസുകളിൽ സ്വർണ നേട്ടക്കാരിയാണ് ഷീന. ഇടയ്ക്കു മത്സരരംഗത്തുനിന്നു വിട്ടുനിന്ന ഷീന 2023 ഇന്റർസ്റ്റേറ്റ് സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണം നേടി തിരിച്ചുവരവു നടത്തി. 2017 ഏഷ്യൻ ചാന്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ്. 13.60 മീറ്ററാണ് ഷീനയുടെ കരിയർ ബെസ്റ്റ്. 400 മീറ്ററിലും ഹർഡിൽസിലും ജാവലിൻത്രോയിലും ലോംഗ്ജംപിലും ദേശീയ മെഡൽ ജേതാവാണ്.
പുതിയ പരിശീലകന്റെ കീഴിൽ തുടർച്ചയായ രണ്ടാം മെഡലാണ് സാന്ദ്രയുടേത്. അഞ്ചുതവണ ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത ക്യൂബയുടെ യൊയാൻഡ്രിസ് ബെറ്റൻസോസിന്റെ കീഴിലാണ് പരിശീലിക്കുന്നത്. 2019ൽ സാഫ് ഗെയിംസിൽ ലോംഗ്ജംപിൽ വെങ്കലം നേടി. 2020ൽ അഖിലേന്ത്യാ അന്തർസർവകലാശാല ട്രിപ്പിൾജംപിൽ വെള്ളിയും അതേവർഷം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ലോംഗ്ജംപിൽ വെങ്കലവും നേടി. 13.28 മീറ്ററാണ് ട്രിപ്പിളിൽ സാന്ദ്രയുടെ മികച്ച ദൂരം.