ഫിഫ്റ്റി രോഹൻ
Saturday, October 19, 2024 12:54 AM IST
അലൂർ: മഴയെത്തുടർന്നു തടസപ്പെട്ട രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയ്ക്കെതിരേ കേരളത്തിനു മികച്ച തുടക്കം.
ടോസ് നഷ്ടപ്പെട്ടു ക്രീസിലെത്തിയ കേരളം ആദ്യദിനം അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്‍സ് എടുത്തു. മഴ തടസം നിന്ന ആദ്യദിനം 23 ഓവർ മാത്രമാണ് മത്സരം നടന്നത്.
കേരളത്തിന്റെ ഓപ്പണർ രോഹൻ കുന്നുമ്മൽ 74 പന്തിൽ 57 റണ്‍സുമായും വത്സൽ ഗോവിന്ദ് 64 പന്തിൽ 31 റണ്‍സുമായും ക്രീസിലുണ്ട്. പഞ്ചാബിനെതിരായ ആദ്യമത്സരത്തിൽ ഇറങ്ങിയ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് കേരളം ഇന്നലെ കളത്തിലെത്തിയത്. സൂപ്പർ താരം സഞ്ജു സാംസണ് ടീമിലുൾപ്പെട്ടു. എം.ഡി. നിതീഷ്, കെ.എം. ആസിഫ് എന്നിവരും പ്ലേയിംഗ് ഇലവനിലെത്തി.