മലേഷ്യ ഓപ്പൺ ഇന്നു മുതൽ പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾ
Monday, January 6, 2025 11:05 PM IST
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റണ്‍ ടൂർണമെന്റ് ഇന്നാരംഭിക്കും. ഇന്ത്യയുടെ പുരുഷ ഡബിൾസ് സഖ്യം സാത്വിക് സായ് രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കിരീടത്തോടെ ഈ സീസണ് തുടങ്ങാനാണ് ഇറങ്ങുന്നത്.
കഴിഞ്ഞ വർഷം ഫൈനലിൽ ഇന്ത്യ സഖ്യം പരാജയപ്പെട്ടു. ഏഴാം സീഡുകളായ ഇന്ത്യൻ കൂട്ടുകെട്ടിന്റെ ആദ്യമത്സരം ചൈനീസ് തായ്പേയുടെ മിംഗ് ചെ ലു- താംഗ് കെയ് വീ സഖ്യത്തിനെതിരേയാണ്. ഫോമിലുള്ള ലക്ഷ്യ സെൻ മികവ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. നീണ്ടനാളത്തെ ഇടവേളയെടുത്ത എച്ച്.എസ്. പ്രണോയിയും പ്രതീക്ഷയിലാണ്.
സയ്യദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 ജേതാവായും കിംഗ്സ് കപ്പ് ഇന്റർനാഷണലിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്ത ലക്ഷ്യ ഫോമിലാണ്. ഒളിന്പിക്സ് പ്രീക്വാർട്ടറിൽ പുറത്തായശേഷം അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പ്രണോയ് ബാഡ്മിന്റണ്‍ കളത്തിൽ തിരിച്ചെത്തുന്നത്.
ഇന്ത്യയുടെ സിംഗിൾസ് പ്രതീക്ഷകളായ പി.വി. സിന്ധു ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. സിംഗിൾസിൽ മാളവിക ബൻസോദ്, ആകർഷി കശ്യപ്, അനുപമ ഉപാധ്യായ എന്നിവർ ഇറങ്ങും. ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്, തനീഷ ക്രാസ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ വഹിക്കുക. മിക്സഡ് ഡബിൾസിൽ ഇന്ത്യക്കു മൂന്നു ടീമുകളാണുള്ളത്.