പിങ്കണിഞ്ഞ് ടീം ഇന്ത്യ
Monday, January 6, 2025 1:12 AM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ മൂന്നാംദിനം പിങ്ക് നിറത്തിലുള്ള ഷെയ്ഡ് അണിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സാധാരണ ജഴ്സിയിലുള്ള നീല നിറത്തിനു പകരമാണ് ടീം ഇന്ത്യ പിങ്കണിഞ്ഞത്. ഓസീസ് മുൻതാരം ഗ്ലെൻ മഗ്രാത്തിന്റെ ഭാര്യ ജെയ്നിന്റെ ഓർമപുതുക്കൽക്കൂടിയായിരുന്നു ഇത്. മഗ്രാത്തിന് ഇന്ത്യൻ ടീം അംഗങ്ങൾ ഒപ്പുവച്ച പിങ്ക് തൊപ്പി കൈമാറി.
മഗ്രാത്ത് ഫൗണ്ടേഷനായി സാന്പത്തിക സഹായം കണ്ടെത്തുന്നതിനായി സിഡ്നി ടെസ്റ്റിന്റെ മൂന്നാംദിനം പിങ്ക് ഡേ ആയാണ് ആചരിക്കുക. വർഷത്തിൽ സിഡ്നിയിൽ കളിക്കുന്ന ആദ്യ ടെസ്റ്റിനെ പിങ്ക് ടെസ്റ്റ് എന്നാണ് വിളിക്കുന്നത്. പിങ്ക് ടെസ്റ്റിൽ സ്റ്റംപ് അടക്കം പിങ്ക് നിറമായിരിക്കും.
ബ്രസ്റ്റ് കാൻസർ രോഗികൾക്കും അതിജീവിച്ചവർക്കും വേണ്ടിയും ഇതിനെതിരായ അവബോധത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായാണ് പിങ്ക് ടെസ്റ്റിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നത്. ബ്രെസ്റ്റ് കാൻസറിനെത്തുടർന്നായിരുന്നു ജെയ്ൻ മഗ്രാത്ത് അന്തരിച്ചത്. 2005ലാണ് മഗ്രാത്ത് ഫൗണ്ടേഷന്റെ തുടക്കം.