ബ്ലാസ്റ്റേഴ്സ് പകരം വീട്ടി
Monday, January 6, 2025 1:12 AM IST
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പകരംവീട്ടൽ ജയം. സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചിയിൽവച്ച് തങ്ങളെ കീഴടക്കിയ പഞ്ചാബ് എഫ്സിയെ എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് 1-0നു തോൽപ്പിച്ചു. 44-ാം മിനിറ്റിൽ നോഹ് സദൗയിയാണ് പെനാൽറ്റി ഗോളിലൂടെ പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനു ജയം സമ്മാനിച്ചത്.
58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചും 74-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗും ചുവപ്പു കാർഡ് കണ്ടതോടെ ഒന്പതു പേരുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്. 2025ലെ ആദ്യ മത്സരത്തിനു മുന്പ് മുൻ മുഖ്യപരിശീലകൻ മിഖായേൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിന് വിജയാശംസ നേർന്നിരുന്നു. 15 മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്പതാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി പഞ്ചാബ് എഫ്സി എട്ടാം സ്ഥാനത്തുണ്ട്. 32 പോയിന്റുമായി മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്.
13-ാം തീയതി ഒഡീഷ എഫ്സിക്കെതിരേ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.