ഓസീസ് x പ്രോട്ടീസ് ഫൈനൽ
Monday, January 6, 2025 1:12 AM IST
സിഡ്നി: ഐസിസി 2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ചിത്രം തെളിഞ്ഞു. സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ കീഴടക്കിയതോടെ ഓസ്ട്രേലിയ ഫൈനലിലേക്കു മുന്നേറി. നിലവിലെ ചാന്പ്യന്മാർകൂടിയായ ഓസ്ട്രേലിയയുടെ ഫൈനലിലെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേരത്തേ ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയിരുന്നു.
ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് പരന്പര കൂടി ഓസ്ട്രേലിയയ്ക്കു ശേഷിക്കുന്നുണ്ട്. പരന്പര 2-0നു പരാജയപ്പെട്ടാൽപോലും ഓസ്ട്രേലിയ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു തുടരും. പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.
ന്യൂസിലൻഡിന് എതിരായ ഹോം സീരീസിൽ 3-0നും ഓസ്ട്രേലിയയ്ക്കെതിരായ എവേ പരന്പര 3-1നും പരാജയപ്പെട്ടതാണ് ഇന്ത്യക്കു വിനയായത്. ഓസ്ട്രേലിയയ്ക്കെതിരേ ശ്രീലങ്ക 2-0നു ജയിച്ചാൽ ഇന്ത്യ പോയിന്റ് ടേബിളിൽ മൂന്നിൽനിന്നു നാലാം സ്ഥാനത്തേക്ക് ഇറങ്ങും. ഐസിസി ലോക ചാന്പ്യൻഷിപ്പിൽ ഇതുവരെ നടന്ന രണ്ടു ഫൈനലിലും ഇന്ത്യ കളിച്ചിരുന്നെങ്കിലും ട്രോഫി നേടാനായില്ല.