കൈക്കുഴയിലാണ് ബുംറയുടെ ബൗളിംഗ് രഹസ്യം
Wednesday, January 8, 2025 1:46 AM IST
അനീഷ് ആലക്കോട്
ജെസ്റ്റ് ബൂം... അതാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്ന പേസർ. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ലോക ഒന്നാം നന്പർ, ഏകദിനത്തിൽ ഏഴാമതും ട്വന്റി-20യിൽ 35-ാമതും. ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ഇന്ത്യ നേടുന്നതിൽ ജസ്പ്രീത് ബുംറ വീഴ്ത്തിയ 15 വിക്കറ്റുകൾ നിർണായകമായെന്നതു ചരിത്രം. കാരണം, 4.17 മാത്രമായിരുന്നു ലോകകപ്പിൽ ബുംറയുടെ ഇക്കോണമി.
ഓസ്ട്രേലിയയ്ക്കെതിരേ അവസാനിച്ച ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരന്പരയിൽ 32 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു ഇന്ത്യൻ ബൗളറിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടയായി അതു ചരിത്രത്തിൽ കുറിക്കപ്പെട്ടു. എന്നാൽ, സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ പുറത്തിനേറ്റ പരിക്കിനെത്തുടർന്ന് മത്സരത്തിൽ പൂർണമായി ബൗൾ ചെയ്യാൻ ബുംറയ്ക്കു സാധിച്ചില്ല.
2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ ബുംറ ഉണ്ടാകുമോ എന്നതടക്കമുള്ള ആശങ്കയിലേക്കാണ് സിഡ്നിയിലെ പരിക്ക് എത്തിനിൽക്കുന്നത്. ഏതായാലും ഈ മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരന്പരകളിൽ ബുംറ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പാണ്. പരിക്കുഭേദമായി ബുംറയ്ക്കു ചാന്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടാൻ വിശ്രമം അനിവാര്യം.
ചാന്പ്യൻസ് ട്രോഫിക്കുള്ള ടീമിലുൾപ്പെട്ടാൽ വൈസ് ക്യാപ്റ്റൻ പദവി ബുംറ അലങ്കരിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ബുംറയുടെ പരിക്കിനെക്കുറിച്ചുള്ള പോസിറ്റീവ് റിപ്പോർട്ടുകൾക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.
കുഴകൊണ്ടൊരു ഏറ്
സൂപ്പർമാനും ബാറ്റ്മാനുമൊന്നും സാധിക്കാത്ത പ്രത്യേകത നിറഞ്ഞതാണ് ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷനും പന്ത് റിലീസിംഗും... ഷൊയ്ബ് അക്തറും ബ്രെറ്റ് ലീയുമെല്ലാം എറിയുന്നതുപോലെ 150 കിലോമീറ്റർ വേഗതയിൽ കുറയാത്ത ഏറല്ല ബുംറയുടേത്. 136 കിലോമീറ്റർ മാത്രമാണ് ബുംറയുടെ ശരാശരി ബൗളിംഗ് വേഗം. പന്ത് റിലീസ് ചെയ്യുന്പോൾ ബുംറ കൈകറക്കുന്നതിന്റെ ശരാശരി വേഗത 75 കിലോമീറ്റർ മാത്രം. അതായത് കൈക്കുഴകൊണ്ട് 61 കിലോമീറ്റർ വേഗത ബുംറ പന്തിനുമേൽ വരുത്തുന്നു.
പന്ത് എറിയാനായി ഓടിയെത്തുന്നത് വെറും 18 കിലോമീറ്റർ വേഗത്തിൽ മാത്രമാണെന്നതാണ് പേസറായ ബുംറയുടെ ബൗളിംഗിലെ ഏറ്റവും രസകരമായ വസ്തുത. അതാണെങ്കിൽ ഇടയ്ക്കൊരു കുതിപ്പോടെ പ്രത്യേക രീതിയിലും.
ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പന്ത് എറിയാനായി ഓടിയെത്തുന്നത് 16 കിലോമീറ്റർ വേഗത്തിലാണെന്നും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ റണ്ണപ്പ് വേഗത 23 കിലോമീറ്ററും ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന്റേത് 30 കിലോമീറ്ററാണെന്നതും ഇതിനോടു ചേർത്തുവായിക്കണം.
പാറ്റ് കമ്മിൻസ് 23 കിലോമീറ്റർ വേഗത്തിൽ റണ്ണപ്പ് നടത്തി, 87 കിലോമീറ്റർ റിസ്റ്റ് സ്പീഡോടെ പന്ത് റിലീസ് ചെയ്യുന്നത് ശരാശരി 131 കിലോമീറ്റർ വേഗത്തിലാണ്. ഇതെല്ലാം ചേരുന്പോഴാണ് ബുംറയുടെ ബൗളിംഗിന്റെ ഗുട്ടൻസ് പിടികിട്ടുക.
ബൗളിംഗ് ആക്ഷനും പരിക്കും
ജസ്പ്രീത് ബുംറ ലോക ശ്രദ്ധയിലേക്കുയർന്നപ്പോൾ ആദ്യംതന്നെ നിരീക്ഷകർ നടത്തിയ വിലയിരുത്തലുണ്ട്, പരിക്കേൽക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതാണ് ബുംറയുടെ ബൗളിംഗ് ആക്ഷൻ എന്നതായിരുന്നു അത്. മറ്റു പേസ് ബൗളർമാരെ അപേക്ഷിച്ച് പുറത്തിനും തോളിനും കൈക്കുഴയ്ക്കും കൂടുതൽ സമ്മർദം ചെലുത്തുന്നതാണ് ബുംറയുടെ ആക്ഷൻ. മാത്രമല്ല, റണ്ണപ്പ് തീരെ കുറവും. പേസ് ബൗളർമാർ റണ്ണപ്പ് കുറയ്ക്കുന്പോൾ വലതു തോളിനോടു ചേർന്നുള്ള പുറംഭാഗത്ത് സമ്മർദം ഇരട്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ഇതാണ് ബുംറയെ പരിക്കിന്റെ പിടിയിലാക്കുന്നത്. 2018 മുതൽ ബുംറ പരിക്കിന്റെ പിടിയിലാകുന്നത് പതിവായിരിക്കുകയാണ്. 2016 ജനുവരിയിലാണ് ട്വന്റി-20, ഏകദിന ടീമിൽ ബുംറ ഇന്ത്യക്കായി അരങ്ങേറുന്നത്. 2018 ജനുവരി മുതൽ ടെസ്റ്റിലും സജീവമായി.
2018ൽ ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലായിരുന്നു ബുംറയ്ക്ക് പരിക്ക് പ്രശ്നം തുടങ്ങിയത്. റിട്ടേണ് ക്യാച്ചിനു ശ്രമിക്കുന്നതിനിടെ കൈക്കു പൊട്ടലേറ്റു. മൂന്ന് ആഴ്ചയാണ് ബുംറയ്ക്കു പുറത്തിരിക്കേണ്ടിവന്നത്.
2019ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയാണ് പുറത്തിന് ആദ്യമായി പരിക്കേറ്റത്. പിന്നീട് 2021ലും 2022ലും പരിക്ക് പിടികൂടി. 2023ൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇതാ ഇപ്പോൾ വീണ്ടും പരിക്കിന്റെ പിടിയിലും...
ബുംറയുടെ പരിക്ക് നാൾവഴി
2018: അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയിൽ റിട്ടേണ് ക്യാച്ചിനിടെ ഇടത് കൈയിലെ തള്ളവിരലിന് ഒടിവ്
2019: ലോവർ ബാക്കിൽ സ്ട്രെസ് ഫ്രാക്ചർ. ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരായ ഹോം സീരീസ് നഷ്ടപ്പെട്ടു.
2021: നെഞ്ചിനും ഉദരത്തിനും ഇടയിൽ സ്ട്രെയിൻ. ഓസ്ട്രേലിയയ്ക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന നാലാം ടെസ്റ്റിൽ കളിച്ചില്ല.
2022: പുറം വേദനയും പരിക്കും വഷളായി. 2022 ഏഷ്യ കപ്പ് കളിച്ചില്ല. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പരയും തുടർന്നുള്ള ട്വന്റി-20 ലോകകപ്പും നഷ്ടമായി.
2023: മാർച്ചിൽ പുറത്ത് ശസ്ത്രക്രിയയ്ക്കു വിധേയനായി. 2023 ഐപിഎൽ, ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ തുടങ്ങിയ വന്പൻ പോരാട്ടങ്ങൾ നഷ്ടപ്പെട്ടു. 2023 ഓഗസ്റ്റിൽ ടീമിൽ തിരിച്ചെത്തി.
2025: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെ പുറത്തിനു പരിക്ക്.