2025-27 ടെസ്റ്റ് ചാന്പ്യൻഷിപ്പ് മത്സരക്രമമായി
Monday, January 6, 2025 11:05 PM IST
ദുബായി: 2025-27 ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള മത്സരക്രമമായി. ബോർഡർ-ഗാവസ്കർ ട്രോഫി പരന്പര 3-1ന് നഷ്ടമായ ഇന്ത്യ 2025 ൽ ഫൈനൽ കാണാതെ പുറത്തായി.
2025-27 സീസണിൽ ഇന്ത്യക്ക് ആറു ടീമുകൾക്കെതിരേയാണ് മത്സരങ്ങൾ. ഇന്ത്യക്ക് മൂന്നു ഹോം പരന്പരകളും അത്രതന്നെ എവേ പരന്പരകളുമാണുള്ളത്.
ഈ വർഷം ജൂണിൽ ഇംഗ്ലണ്ട് പര്യടത്തോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ചു ടെസ്റ്റാണുള്ളത്.
ഇതിനുശേഷം രണ്ടു ഹോം ടെസ്റ്റ് പരന്പരകളാണുള്ളത്. ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരേയും ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും രണ്ടു വീതം മത്സരങ്ങൾ.
2026ൽ ഇന്ത്യക്കു നാലു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. നാലും എവേ പോരാട്ടങ്ങളാണ്. രണ്ടു മത്സരങ്ങൾക്കായി ഓഗസ്റ്റിൽ ശ്രീലങ്ക സന്ദർശിക്കും. അതിനുശേഷം ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ രണ്ടു മത്സര പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തും.
2027ൽ ജനുവരി മുതൽ ഫെബ്രുവരി വരെ ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തും. ഈ പരന്പരയിൽ അഞ്ചു ടെസ്റ്റാണുള്ളത്.