ബുംറയുടെ പരിക്കിൽ ഇന്ത്യക്ക് ആശങ്ക
Sunday, January 5, 2025 12:04 AM IST
സിഡ്നി: വെറും ത്രില്ലറല്ല, സൂപ്പർ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങളാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യ രണ്ടു ദിനങ്ങളിലും അരങ്ങേറിയത്.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം രോഹിത് ശർമ സ്വമേധയാ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങി... ആദ്യദിനത്തിന്റെ അവസാന നിമിഷം ബുംറയും ഓസ്ട്രേലിയൻ ഓപ്പണർ സാം കോണ്‍സ്റ്റാസും തമ്മിലുണ്ടായ വാക്കുതർക്കത്തിനുശേഷം ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് വീണപ്പോൾ ഇന്ത്യയുടെ 11 അംഗങ്ങളും കോണ്‍സ്റ്റാസിനു നേരേ ചുവടുവച്ചു...
185നു തങ്ങളെ പുറത്താക്കിയ ഓസ്ട്രേലിയയെ 181ൽ ഒതുക്കി ഇന്ത്യ രണ്ടാംദിനം നാലു റണ്‍സ് ലീഡ് സ്വന്തമാക്കി... പരിക്കു പ്രശ്നങ്ങളെത്തുടർന്ന് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ മൈതാനം വിട്ടപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഇന്ത്യയുടെ പേസ് ആക്രമണം ഏറ്റെടുത്തു... രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയപ്പോൾ 33 പന്തിൽ 61 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെ വെടിക്കെട്ട്...
സിഡ്നി ത്രില്ലറിൽ ഇന്ത്യൻ ആരാധകർ ഇനി പ്രതീക്ഷിക്കുന്നത് ഒന്നു മാത്രം, നായകൻ ബുംറ തിരിച്ചെത്തി ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ നാശംവിതയ്ക്കുന്നത്... പുറം വേദനയാണ് ബുംറയുടെ പ്രശ്നമെന്നു രണ്ടാംദിനം പൂർത്തിയായപ്പോൾ മാധ്യമങ്ങൾക്കു മുന്നിലെത്തിയ പ്രസിദ്ധ് കൃഷ്ണ അറിയിച്ചു.
അപ്പോൾ മുതൽ ഇന്ത്യൻ ആരാധകർ പ്രാർഥനയിലാണ്; ബുംറയുടെ വേദന മാറി കളത്തിലേക്കു തിരിച്ചെത്തട്ടേ എന്ന്... കാരണം, ബുംറയുടെ ബൗളിംഗിനെയും ആശ്രയിച്ചാണ് ഇന്ത്യയുടെ ജയപ്രതീക്ഷ...
എറിഞ്ഞത് എട്ട് ഓവർ മാത്രം
ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗിസിൽ രണ്ടാംദിനം ജസ്പ്രീത് ബുംറ എട്ട് ഓവർ മാത്രമേ എറിഞ്ഞുള്ളൂ. രാവിലത്തെ സെഷനിടയിൽത്തന്നെ ഡ്രസിംഗ് റൂമിലെത്തി പരിചരണം നേടിയിരുന്നു ബുംറ. ഉച്ചഭക്ഷണത്തിനുശേഷം ഒരു ഓവർ മാത്രമാണ് ബുംറ എറിഞ്ഞത്. മത്സരത്തിനിടെ ടീം ഡോക്ടറിനും സുരക്ഷാ ജീവനക്കാരനുമൊപ്പം ആശുപത്രിയിലെത്തി സ്കാനിംഗിനു വിധേയനായ ബുംറ രണ്ടാംദിനം അവസാനം ഡ്രസിംഗ് റൂമിൽ തിരിച്ചെത്തി. എന്നാൽ, ഇന്ത്യ ഇന്നു രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കുന്പോൾ ബുംറ ക്രീസിൽ എത്തുമോ എന്നും ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ പന്ത് എറിയുമോ എന്നതുമാണ് ആരാധകരുടെ ആശങ്ക...
രാവിലത്തെ സെഷനിലെ അവസാന അഞ്ച് ഓവറിനുള്ളിലെ മൂന്ന് ഓവർ ബുംറ ഫീൽഡിൽ ഇല്ലായിരുന്നു. അവസാന രണ്ട് ഓവറിൽ ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുംറ, ഉച്ചഭക്ഷണത്തിനുശേഷം ബൗൾ ചെയ്തു. അലക്സ് കാരെയ്ക്കെതിരായ ആ ഓവറിൽ ബുംറ പന്തിന്റെ വേഗത 130കളിൽനിന്ന് 120കളിലേക്കു കുറച്ചെന്നതും ശ്രദ്ധേയം. ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ 31-ാം ഓവർ ആയിരുന്നു അത്. ആതിഥേയർ അപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സ് എടുത്തിരുന്നു.
മൈതാനംവിട്ട ബുംറ, കാറിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തേക്കു പോകുന്നതാണ് പിന്നീട് കണ്ടത്. പ്രാദേശിക സമയം 4.40 ആയപ്പോൾ ബുംറ തിരിച്ചെത്തി. രണ്ടാംദിനമായ ഇന്നലെ എട്ട് ഓവർ മാത്രമെറിഞ്ഞ ബുംറ, മാർനസ് ലബൂഷെയ്ന്റെ വിക്കറ്റ് സ്വന്തമാക്കി. 10-1-33-2 എന്നതായിരുന്നു ബുംറയുടെ ബൗളിംഗ് ഫിഗർ. ബുംറ മൈതാനം വിട്ടപ്പോഴെല്ലാം വിരാട് കോഹ് ലി ആയിരുന്നു ക്യാപ്റ്റന്റെ സ്ഥാനത്ത് എത്തിയത്.
എറിഞ്ഞു വലഞ്ഞു റിക്കാർഡിൽ
പരിക്ക് പറ്റാൻ ഏറ്റവും സാധ്യതയുള്ള ബൗളിംഗ് ആക്ഷനാണ് ബുംറയുടേതെന്നത് ഏവരും അടിവരയിടുന്നു. എന്നാൽ, ലോക ഒന്നാം നന്പർ ബൗളറായ ബുംറയ്ക്ക് ആവശ്യമായ വിശ്രമം നൽകാത്ത പരന്പരയാണിത്. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 53.2 ഓവറാണ് ബുംറയെക്കൊണ്ട് എറിയിച്ചത്. ഒരു ടെസ്റ്റിൽ ബുംറയ്ക്ക് ഏറ്റവും കൂടുതൽ ഓവർ പന്ത് എറിയേണ്ടിവന്നത് മെൽബണിലാണ്.
ഓസ്ട്രേലിയൻ പര്യടനത്തിൽ 151.2 ഓവർ ഇതുവരെ ബുംറ എറിഞ്ഞു. 13.06 ശരാശരിയിൽ 32 വിക്കറ്റും വീഴ്ത്തി. ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു ഇന്ത്യൻ ബൗളറിന്റെ റിക്കാർഡ് വിക്കറ്റ് വേട്ടയാണിത്. 1977-78ൽ 31 വിക്കറ്റ് നേടിയ സ്പിന്നർ ബിഷൻ സിംഗ് ബേദിയുടെ 47 വർഷം പഴക്കമുള്ള റിക്കാർഡാണ് ബുംറ ഇന്നലെ തിരുത്തിയത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 185.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: കോണ്‍സ്റ്റാസ് സി ജയ്സ്വാൾ ബി സിറാജ് 23, ഖ്വാജ സി രാഹുൽ ബി ബുംറ 2, ലബൂഷെയ്ൻ സി പന്ത് ബി ബുംറ 2, സ്മിത്ത് സി രാഹുൽ ബി പ്രസിദ്ധ് 33, ഹെഡ് സി രാഹുൽ ബി സിറാജ് 4, വെബ്സ്റ്റർ സി ജയ്സ്വാൾ ബി പ്രസിദ്ധ് 57, കാരെ ബി പ്രസിദ്ധ് 21, കമ്മിൻസ് സി കോഹ്ലി ബി നിതീഷ് 10, സ്റ്റാർക്ക് സി രാഹുൽ ബി നിതീഷ് 1, ലിയോണ്‍ നോട്ടൗട്ട് 7, ബോലണ്ട് ബി സിറാജ് 9, എക്സ്ട്രാസ് 12, ആകെ 181 (51).
വിക്കറ്റ് വീഴ്ച: 1-9, 2-15, 3-35, 4-39, 5-96, 6-137, 7-162, 8-164, 9-166, 10-181.
ബൗളിംഗ്: ബുംറ 10-1-33-2, സിറാജ് 16-2-51-3, പ്രസിദ്ധ് 15-3-42-3, നിതീഷ് 7-0-32-2, ജഡേജ 3-0-12-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ ബി ബോലണ്ട് 22, രാഹുൽ ബി ബോലണ്ട് 13, ഗിൽ സി കാരെ ബി വെബ്സ്റ്റർ 13, കോഹ്ലി സി സ്മിത്ത് ബി ബോലണ്ട് 6, പന്ത് സി കാരെ ബി കമ്മിൻസ് 61, ജഡേജ നോട്ടൗട്ട് 8, നിതീഷ് സി കമ്മിൻസ് ബി ബോലണ്ട് 4, വാഷിംഗ്ടണ്‍ നോട്ടൗട്ട് 6, എക്സ്ട്രാസ് 8, ആകെ 141/6 (32).
വിക്കറ്റ് വീഴ്ച: 1-42, 2-47, 3-59, 4-78, 5-124, 6-129.
ബൗളിംഗ്: സ്റ്റാർക്ക് 4-0-36-0, കമ്മിൻസ് 11-4-31-1, ബോലണ്ട് 13-3-42-4, വെബ്സ്റ്റർ 4-1-24-1.