ആവേശ സമനില
Monday, January 6, 2025 11:05 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ തളച്ചു. 2023 മാർച്ചിൽ ലിവർപൂളിലെത്തിയ മാഞ്ചസ്റ്ററിനെ എതിരില്ലാത്ത ഏഴു ഗോളിനു ലിവർപൂൾ തകർത്തിരുന്നു.
ഇതേ പ്രകടനം ഒരിക്കൽക്കൂടി സ്വന്തം കാണികളുടെ മുന്നിൽ ആവർത്തിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ലിവർപൂളിനെ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ മാഞ്ചസ്റ്റർ 2-2നു സമനിലയിൽ കുരുക്കി.
2-1ന് പിന്നിൽനിന്ന യുണൈറ്റഡിന് 80-ാം മിനിറ്റിൽ അമദ് ഡിയാലോയുടെ ഗോളാണു സമനില നൽകിയത്. 46 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്പോൾ 23 പോയിന്റുമായി യുണൈറ്റഡ് 13-ാം സ്ഥാനത്തെത്തി.
2023 മാർച്ചിൽ ലിവർപൂളിന്റെ കളത്തിലേറ്റ നാണക്കേട് ഭയന്ന യുണൈറ്റഡ് തുടക്കം മുതലേ ലിവർപൂളിനൊത്ത പ്രകടമാണു പുറത്തെടുത്തത്. ആദ്യ പകുതി ഗോൾരഹിതമായി.
52-ാം മിനിറ്റിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ലിസാൻഡ്രോ മാർട്ടിനസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഏഴു മിനിറ്റ് കഴിഞ്ഞ് കോഡ് ഗാക്പോ ലിവർപൂളിനു സമനില നൽകി. 70-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സല ആതിഥേയരെ മുന്നിലെത്തിച്ചു.
ജയം പ്രതീക്ഷിച്ചു നീങ്ങിയ ലിവർപൂളിനെതിരേ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരുന്ന യുണൈറ്റഡ് സമനില നേടിയെടുത്തു. അലെജാൻഡ്രോ ഗർനാച്ചോയുടെ ക്രോസിൽനിന്നാണ് അമദ് വലകുലുക്കിയത്.