വിരമിച്ചിട്ടില്ല: രോഹിത്
Sunday, January 5, 2025 12:04 AM IST
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചിട്ടില്ലെന്നും ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം മത്സരത്തിൽനിന്നു മാറിനിന്നതേയുള്ളൂ എന്നും വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാംദിനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്.
റണ്‍സ് നേടുന്നതിൽ പരാജയപ്പെടുന്നതിനാൽ മാറിനിൽക്കുകയാണെന്ന് സെലക്ടർമാരെയും കോച്ചിനെയും അറിയിച്ചത് താനാണെന്നും രോഹിത് വ്യക്തമാക്കി. ഫോമിലുള്ള ഒരു കളിക്കാരനെയാണ് ടീമിന് ഈ മത്സരത്തിൽ ആവശ്യം. ഇന്ത്യയെ സംബന്ധിച്ച് നിർണായക മത്സരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്നി മത്സരത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ രോഹിത്തിന്റെ ടെസ്റ്റ് കരിയർ അവസാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബോർഡർ-ഗാവസ്കർ ട്രോഫി പരന്പരയിൽ രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി 6.2 മാത്രമാണ്. ജസ്പ്രീത് ബുംറയാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ. മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ടിന്റെ ജാക്കറ്റണിഞ്ഞ് രോഹിത് മൈതാനത്തെത്തിയിരുന്നു.