ജോക്കോ പുറത്ത്, സബലെങ്ക മുന്നോട്ട്
Saturday, January 4, 2025 1:24 AM IST
ബ്രിസ്ബെൻ: ബ്രിസ്ബെൻ ടെന്നീസ് ടൂർണമെന്റ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്.
പാറ്റ് റാഫറ്റർ അരീനയിൽ നടന്ന പുതുവർഷത്തെ ആദ്യ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ യുഎസ്എയുടെ റില്ലി ഒപെൽക്കയോട് 6-7, 3-6 എന്ന സ്കോറിനാണ് ജോക്കോ തോൽവി വഴങ്ങിയത്.
അതേസമയം, വനിതാ സിംഗിൾസിൽ ബെലാറൂസിന്റെ ലോക ഒന്നാം നന്പർ താരമായ അരീന സബലെങ്ക 6-3, 6-4നു ചെക് താരമായ ബൗക്കോവയെ കീഴടക്കി സെമിയിൽ പ്രവേശിച്ചു. സെമി ഫൈനലിൽ സബലെങ്ക റഷ്യൻ താരം മിറ ആൻഡ്രിവയെ നേരിടും.
പുരുഷ സിംഗിൾസിൽ ജിയോവന്നി എംപെറ്റഷി, ഗ്രിഗോർ ദിമിത്രോവ്, ജിറി ലെഹെക്ക എന്നിവരും സെമിയിലെത്തി.
വനിത വിഭാഗത്തിൽ ആഷ്ലിൻ ക്രൂഗെർ 7-6, 6-3 സ്കോറിന് പൊളീന കുടെർമെറ്റോവയെ തോൽപ്പിച്ചും ഓണ്‍സ് ജാബെറിനെ 4-6, 6-7ന് വീഴ്ത്തി മിറാ ആൻഡ്രിവയും സെമിയിലെത്തി. യുക്രെയ്നിന്റെ കലിനീന ഓസ്ട്രേലിയയുടെ കിംബെർലി ബീരെലിനെ 4-6, 6-1, 7-5നു വീഴ്ത്തി സെമിയിലെത്തി.