സിഡ്നി ടെസ്റ്റിൽ ഇന്ത്യ 185നു പുറത്ത്
Saturday, January 4, 2025 1:24 AM IST
സിഡ്നി: രോഹിത് ശർമയെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനത്തു ജസ്പ്രീത് ബുംറ എത്തി. ഓപ്പണറായി കെ.എൽ. രാഹുലിനു സ്ഥാനക്കയറ്റവും ശുഭ് മാൻ ഗില്ലിനു മൂന്നാം നന്പറായി പ്ലേയിംഗ് ഇലവനിൽ ഇടവും ലഭിച്ചു... എന്നിട്ടും ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ടീം ഇന്ത്യയുടെ ബാറ്റിംഗ് തഥൈവ... ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിംഗ് തെരഞ്ഞെടുത്തു. 72.2 ഓവറിൽ 185 റണ്‍സിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. തുടർന്നു ക്രീസിലെത്തിയ ഓസ്ട്രേലിയയുടെ ഒരു വിക്കറ്റ് ആദ്യദിനം അവസാന പന്തിൽ വീഴ്ത്താൻ ജസ്പ്രീത് ബുംറയ്ക്കു സാധിച്ചു എന്നതാണ് ഇന്ത്യയുടെ ഏക ആശ്വാസം.
പതിവു തെറ്റിക്കാതെ കോഹ്ലി
ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് ശർമയെ പോലെ ഇന്ത്യ മികച്ച പ്രകടനം പ്രതീക്ഷിച്ച താരമാണ് വിരാട് കോഹ്ലി. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളിൽ ബാറ്റുവച്ച് പുറത്താകുക എന്ന ദൗർബല്യം സിഡ്നിയിലെ ഒന്നാം ഇന്നിംഗ്സിലും കോഹ്ലി തുടർന്നു. ഈ പരന്പരയിൽ കോഹ്ലിയുടെ ഔട്ട് സൈഡ് ഓഫ് സ്റ്റംപ് ദുരന്തത്തിന് അവസാനമില്ലെന്നു ചുരുക്കം.
സ്കോട്ട് ബോലണ്ടിന്റെ പന്തിൽ തേർഡ് സ്ലിപ്പിൽ ബ്യൂ വെബ്സ്റ്ററിനു ക്യാച്ച് നൽകി മടങ്ങിയപ്പോൾ കോഹ്ലിയുടെ സന്പാദ്യം 69 പന്തിൽ 17 റണ്‍സായിരുന്നു. കെ.എൽ. രാഹുൽ (4), യശസ്വി ജയ്സ്വാൾ (10), ശുഭ്മാൻ ഗിൽ (20) എന്നിവർക്കുപിന്നാലെ കോഹ്ലി മടങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ 31.3 ഓവറിൽ 72/4.
പുള്ളിൽ പിഴച്ച് പന്ത്
കോഹ്ലി ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തിലാണ് ഈ പരന്പരയിൽ തുടർച്ചയായി പുറത്താകുന്നതെങ്കിൽ ഋഷഭ് പന്ത് പുൾ ഷോട്ടിലൂടെയാണെന്നു മാത്രം. ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ടിനു ശ്രമിക്കാനുള്ള ത്വര ഇന്നലെയും പന്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തി. 98 പന്തു നേരിട്ട് 40 റണ്‍സ് നേടിയായിരുന്നു പന്ത് മടങ്ങിയത്.
നിതീഷ് കുമാർ (0) ഗോൾഡൻ ഡക്കായതും രവീന്ദ്ര ജഡേജയുടെ (95 പന്തിൽ 26) പ്രതിരോധം വിണ്ടതുമെല്ലാമായപ്പോൾ 200ൽ എത്താതെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. 17 പന്തിൽ 22 റണ്‍സ് അടിച്ചെടുത്ത ബുംറയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ മൂന്നാമത്തെ ടോപ് സ്കോറർ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി വെബ്സ്റ്റർ ബി ബോലണ്ട് 10, രാഹുൽ സി കോണ്‍സ്റ്റാസ് ബി സ്റ്റാർക്ക് 4, ഗിൽ സി സ്മിത്ത് ബി ലിയോണ്‍ 20, കോഹ്ലി സി വെബ്സ്റ്റർ ബി ബോലണ്ട് 17, പന്ത് സി കമ്മിൻസ് ബി ബോലണ്ട് 40, ജഡേജ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 26, നിതീഷ് സി സ്മിത്ത് ബി ബോലണ്ട് 0, വാഷിംഗ്ടണ്‍ സി കാരെ ബി കമ്മിൻസ് 14, പ്രസിദ്ധ് സി കോണ്‍സ്റ്റാസ് ബി സ്റ്റാർക്ക് 3, ബുംറ സി സ്റ്റാർക്ക് ബി കമ്മിൻസ് 22, സിറാജ് നോട്ടൗട്ട് 3, എക്സ്ട്രാസ് 26, ആകെ 185 (72.2)
വിക്കറ്റ് വീഴ്ച: 1-11, 2-17, 3-57, 4-72, 5-120, 6-120, 7-134, 8-148, 9-168, 10-185.
ബൗളിംഗ്: സ്റ്റാർക്ക് 18-5-49-3, കമ്മിൻസ് 15.2-4-37-2, ബോലണ്ട് 20-8-31-4, വെബ്സ്റ്റർ 13-4-29-0, ലിയോണ്‍ 6-2-19-1.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: കോണ്‍സ്റ്റാസ് നോട്ടൗട്ട് 7, ഖ്വാജ സി രാഹുൽ ബി ബുംറ 2, എക്സ്ട്രാസ് 0, ആകെ 9/1 (3).
വിക്കറ്റ് വീഴ്ച: 1-9.
ബൗളിംഗ്: ബുംറ 2-0-7-1, സിറാജ് 1-0-2-0.