കഷ്ടമീ നഷ്ടം! സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കു തോൽവി
Monday, January 6, 2025 3:23 AM IST
സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിൽ ആതിഥേയർ ആറു വിക്കറ്റിനു ജയിച്ചു. പരന്പര ഓസ്ട്രേലിയ 3-1നു സ്വന്തമാക്കി. അതോടെ, ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ മോഹവുമായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യക്ക്, കൈയിലുണ്ടായിരുന്ന ബോർഡർ-ഗാവസ്കർ ട്രോഫിയും നഷ്ടമായി.
ചുരുങ്ങിയത് 3-1ന് എങ്കിലും പരന്പര സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ കളിക്കാനുള്ള യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയ അഞ്ചാം ടെസ്റ്റ് മൂന്നാം ദിനത്തിലെ രണ്ടാം സെഷനിൽത്തന്നെ അവസാനിച്ചു. പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിനിടെ മൈതാനംവിട്ട ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിംഗ്സിൽ പന്ത് എറിയാൻ എത്തിയില്ല. ഇന്ത്യയുടെ വിജയ സാധ്യത അതോടെ ഇല്ലാതായിരുന്നു.
10 വർഷത്തിനുശേഷം ഓസീസ്
ബോർഡർ-ഗാവസ്കർ ട്രോഫി നീണ്ട പത്തു വർഷത്തിനുശേഷമാണ് ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. 2014-15ൽ സ്വന്തം മണ്ണിൽവച്ചായിരുന്നു ഇതിനു മുന്‍പ് ഓസ്ട്രേലിയ പരന്പരയോടെ ട്രോഫി സ്വന്തമാക്കിയത്. നിലവിലെ ചാന്പ്യന്മാരെന്നനിലയിൽ ഇത്തവണത്തെ പരന്പര 2-2 സമനിലയിൽ ആക്കിയാൽപോലും ഇന്ത്യക്കു ട്രോഫി കൈവശംവയ്ക്കാമായിരുന്നു. സിഡ്നി ടെസ്റ്റിൽ ആറു വിക്കറ്റ് തോൽവി വഴങ്ങിയതോടെ ആ സാധ്യതയും കൈവിട്ടു.
പെർത്ത് ടെസ്റ്റ് ജയിച്ചായിരുന്നു ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫി പോരാട്ടം ഇത്തവണ ആരംഭിച്ചത്. ആ മികവ് പിന്നീടു തുടരാൻ ടീം ഇന്ത്യക്കു സാധിച്ചില്ല.
എല്ലാം വേഗം അവസാനിച്ചു
ഒന്നാം ഇന്നിംഗ്സിൽ നാലു റണ്‍സ് ലീഡ് നേടിയ ഇന്ത്യ, ആറു വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സ് എന്ന നിലയിലാണ് മൂന്നാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. എട്ടു റണ്‍സുമായി രവീന്ദ്ര ജഡേജയും ആറു റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമായിരുന്നു ക്രീസിൽ.
ജഡേജ 13ലും വാഷിംഗ്ടണ്‍ 12ലും പുറത്തായി. പുറത്തിനേറ്റ പരിക്കിനെത്തുടർന്നു രണ്ടാം ദിനം എട്ട് ഓവർ മാത്രമെറിഞ്ഞശേഷം മൈതാനംവിട്ട ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ബാറ്റുമായി ക്രീസിലെത്തി. എന്നാൽ, മൂന്നു പന്ത് നേരിട്ട ബുംറയ്ക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. 39.5 ഓവറിൽ 157 റണ്‍സിന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. സ്കോട്ട് ബോലണ്ട് ഓസീസിനുവേണ്ടി ആറു വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റ് നേടിയ ബോലണ്ടാണ് പ്ലെയർ ഓഫ് ദ മാച്ച്.
ബുംറ ഉണ്ടായിരുന്നെങ്കിൽ
162 റണ്‍സ് മാത്രമായിരുന്നു ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം. ബുംറ പന്ത് എറിയാൻ എത്താതിരുന്നതോടെ ഓസ്ട്രേലിയ മാനസിക മുൻതൂക്കം നേടി. ഈ പരന്പരയിൽ ഇന്ത്യൻ ടീമിൽ ഓസ്ട്രേലിയ ഭയപ്പെട്ട ഏക കളിക്കാരനാണ് 32 വിക്കറ്റ് വീഴ്ത്തിയ ബുംറ.
ബുംറയുടെ അഭാവത്തിൽ പ്രസിദ്ധ് കൃഷ്ണയായിരുന്നു ഓസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത്. സാം കോണ്‍സ്റ്റാസ് (22), മാർനസ് ലബൂഷെയ്ൻ (6), സ്റ്റീവ് സ്മിത്ത് (4) എന്നിവരെ പ്രസിദ്ധ് പുറത്താക്കിയപ്പോൾ ഓസീസ് സ്കോർ 10 ഓവറിൽ 58/3. ജസ്പ്രീത് ബുംറകൂടി ഇന്ത്യൻ ബൗളിംഗിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആരാധകർ പ്രതീക്ഷിച്ചുപോയ നിമിഷം. ട്രാവിസ് ഹെഡും (34 നോട്ടൗട്ട്), ബ്യൂ വെബ്സ്റ്ററും (39 നോട്ടൗട്ട്) കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയയെ ജയത്തിലെത്തിച്ചു.
03
സിഡ്നി ടെസ്റ്റിൽ മത്സരം നടന്നത് 1141 പന്തുകൾ മാത്രം. 1888നുശേഷം സിഡ്നിയിൽ അരങ്ങേറിയ ടെസ്റ്റുകളിൽ ഏറ്റവും വേഗത്തിൽ അവസാനിച്ച മൂന്നാമത്തെ മത്സരമാണിത്. 673 പന്തുകൾ മാത്രമാണ് ഇന്ത്യ നേരിട്ടത്. സിഡ്നിയിൽ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും ചുരുങ്ങിയതാണിത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 185
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 181
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ ബി ബോലണ്ട് 22, രാഹുൽ ബി ബോലണ്ട് 13, ഗിൽ സി കാരെ ബി വെബ്സ്റ്റർ 13, കോഹ്ലി സി സ്മിത്ത് ബി ബോലണ്ട് 6, പന്ത് സി കാരെ ബി കമ്മിൻസ് 61, ജഡേജ സി കാരെ ബി കമ്മിൻസ് 13, നിതീഷ് സി കമ്മിൻസ് ബി ബോലണ്ട് 4, വാഷിംഗ്ടണ്‍ ബി കമ്മിൻസ് 12, സിറാജ് സി ഖ്വാജ ബി ബോലണ്ട് 4, ബുംറ ബി ബോലണ്ട് 0, പ്രസിദ്ധ് കൃഷ്ണ നോട്ടൗട്ട് 1, എക്സ്ട്രാസ് 8, ആകെ 157 (39.5).
വിക്കറ്റ് വീഴ്ച: 1-42, 2-47, 3-59, 4-78, 5-124, 6-129, 7-147, 8-156, 9-156, 10-157.
ബൗളിംഗ്: സ്റ്റാർക്ക് 4-0-36-0, കമ്മിൻസ് 15-4-44-3, ബോലണ്ട് 16.5-5-45-6, വെബ്സ്റ്റർ 4-1-24-1.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: കോണ്‍സ്റ്റാസ് സി വാഷിംഗ്ടണ്‍ ബി പ്രസിദ്ധ് 22, ഖ്വാജ സി പന്ത് ബി സിറാജ് 41, ലബൂഷെയ്ൻ സി ജയ്സ്വാൾ ബി പ്രസിദ്ധ് 6, സ്മിത്ത് സി ജയ്സ്വാൾ ബി പ്രസിദ്ധ് 4, ഹെഡ് നോട്ടൗട്ട് 34, വെബ്സ്റ്റർ നോട്ടൗട്ട് 39, എക്സ്ട്രാസ് 16, ആകെ 162/4 (27)
വിക്കറ്റ് വീഴ്ച: 1-39, 2-52, 3-58, 4-104.
ബൗളിംഗ്: സിറാജ് 12-1-69-1, പ്രസിദ്ധ് 12-0-65-3, നിതീഷ് 2-0-10-0, വാഷിംഗ്ടണ്‍ 1-0-11-0.